അമ്മന്നൂര്‍: കൂടിയാട്ടത്തിന്‍റെ കുലപതി

WEBDUNIA|

അമ്മന്നൂര്‍ മാധവ ചാക്യാര്‍...! അഭിനയത്തെ ജീവവായുവാക്കിയ മഹാനടന്‍.

കൂടിയാട്ടത്തിലൂടെ അമ്മന്നൂര്‍ പ്രശസ്തനായി എന്നതിനേക്കാള്‍ അമ്മന്നൂരിനൊപ്പം കൂടിയാട്ടവും വളര്‍ന്നു എന്ന്‌ പറയുന്നതാണ്‌ എളുപ്പം. കൂടിയാട്ടത്തെ ക്ഷീണാവസ്ഥയില്‍ നിന്നും വിശ്വവേദിയിലേക്ക്‌ കൈപിടിച്ചാനയിക്കുകയായിരുന്നു അമ്മന്നൂര്‍.

വിശ്വപ്രസിദ്ധ നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക്‌ അമ്മന്നൂര്‍ മാധവ ചാക്യാരെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌- "ഞാന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ നടന്‍.."

1917 മെയ്‌ 13നാണ്‌ മാധവചാക്യാരുടെ ജനനം.അച്ഛന്‍ വെള്ളാരപ്പിള്ളി മടശ്ശിമനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. അമ്മ ഇരിങ്ങാലക്കുട അമ്മന്നൂര്‍ മഠത്തില്‍ ശ്രീദേവി ഇല്ലോടമ്മ. മാധവന്റെ മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു.

കൂടിയാട്ടത്തിന്‍റെ ആചാര്യന്മാരായിരുന്ന അമ്മാവന്മാരാണ്‌ മാധവചാക്യാരെ അഭിനയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത്‌. നാല്‌ വര്‍ഷത്തെ അഭ്യാസനത്തിന്‌ ശേഷം തിരുമാന്ധാംകുന്ന്‌ ഭഗവതി ക്ഷേത്രത്തില്‍ ബാലചരിതത്തിലെ സൂത്രധാരനായി വേഷമിട്ട്‌ മാധവ ചാക്യാര്‍ കൂടിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു. ഒരു വ്യാഴവട്ടം അമ്മാവന്മാരുടെ ശിക്ഷണത്തിലായിരുന്നു .

കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‌ ശിഷ്യപ്പെട്ടതാണ്‌ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്‌. തമ്പുരാന്‍റെ ശിക്ഷണം മാധവ ചാക്യാര്‍ക്ക്‌ നാട്യശാസ്ത്രത്തെയും അഭിനയത്തെയും കുറിച്ച്‌ അഗാധമായ അറിവുകള്‍ നേടിക്കൊടുത്തു.

ബാലിയുടെ മരണരംഗം അവതരിപ്പിച്ച്‌ രാജ്യാന്തര അംഗീകാരം നേടിയെടുത്തത്‌ ശ്വസന തലങ്ങളുടെ ഗതിവിഗതികളില്‍ വരുത്തിയ അഭൂതപൂര്‍വമായ വ്യതിയാനങ്ങള്‍ കൊണ്ടാണ്‌.

അമ്മന്നൂരിന്‍റെ അഭിനയ സിദ്ധികള്‍കൊണ്ട്‌ വിസ്മയങ്ങളായ എത്രയെത്ര വേദികള്‍.... അശോകവനികാങ്കം, ജഡായു വധം, ശൂര്‍പ്പണകാങ്കം, സുഭദ്രാ ധനഞ്ജയം, അംഗുലീയാങ്കം, കല്യാണ സൗഗന്ധികം... പട്ടിക നീളുകയാണ്‌.

ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ജപ്പാന്‍, നെതര്‍ലന്‍ഡ്‌, ഇംഗ്ലണ്ട്‌ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കലാസ്വാദകര്‍ അമ്മന്നൂരിന്‍റെ പ്രകടനം ഏറെ വിസ്മയത്തോടെ കണ്ടറിഞ്ഞു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത്‌ തളച്ചിരുന്ന കൂടിയാട്ടത്തെ പുറത്തേക്ക്‌ കൊണ്ടുവന്ന്‌ ജനസാമാന്യത്തിന്‌ പ്രാപ്യമാക്കുകയായിരുന്നു അമ്മന്നൂര്‍.

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌, പത്മഭൂഷണ്‍, യുണെസ്കോയുടെ പ്രശസ്തി പത്രം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡി ലിറ്റ്‌, കാളിദാസ പുരസ്കാരം.... അവാര്‍ഡുകള്‍ അമ്മന്നൂരിനു മേല്‍ പെരുമഴ പോലെ പെയ്യുകയായിരുന്നു.

പാറുക്കുട്ടി നങ്ങ്യാരമ്മയാണ്‌ അമ്മന്നൂരിന്‍റെ പത്നി. മക്കളില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :