കേരളം = വിവാദം

WEBDUNIA|
ചായപ്പീടികയിലും സമ്പുഷ്‌ടമായ ചര്‍ച്ചകള്‍ നടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം വിവാദങ്ങള്‍ ഒരു പുത്തരിയല്ലെങ്കിലും 2008 കേരളത്തിന് കൂടുതല്‍ സമ്പുഷ്‌ടമായ വിവാദങ്ങളുടെ വര്‍ഷമായിരുന്നു. സ്വന്തം പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭരണകക്ഷിയെയും അതിന്‍റെ വാലില്‍ പിടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രതിപക്ഷത്തെയുമാണ് ഈ വര്‍ഷത്തില്‍ കൂടുതലും കാണാന്‍ കഴിയുക.

കേരളരാഷ്‌ട്രീയത്തിലെ “അച്ഛാ മകാ ബന്ധം“ തകരുന്നതാണ് കേരളം കണ്ട ആദ്യ രാഷ്‌ട്രീയ നാടകം. തന്‍റെ മകന് പൂര്‍ണ താങ്ങായി നിന്ന ലീഡര്‍ മകനെ പാതിവഴിയില്‍ ഉപേക്ഷിച്ച് എന്‍റെപാര്‍ട്ടി തന്നെയാണ് എനിക്ക് വലുത് എന്ന് പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസിലേക്ക് തിരികെ വന്നു. കോണ്‍ഗ്രസിന്‍റെ പടിവാതിലില്‍ കയറി നിന്ന് മകനെ പലവട്ടം വിളിച്ചെങ്കിലും മകന്‍ പുറം തിരിഞ്ഞ് നിന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.

ഭരണപക്ഷത്തിലെ വിവാദ മന്ത്രി എന്ന് വേണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വിശേഷിപ്പിക്കാം. സ്വാശ്രയപ്രശ്നത്തില്‍ മതനേതാക്കളുമായുള്ള അടി, പിന്നീട് കോടതി തലയിട്ടപ്പോള്‍ അത് ഒരു ത്രികോണ മത്‌സരമായി മാറി. കോടതിവിധി സര്‍ക്കാറിന് കരണത്തടിയായി മാറുകയും ചെയ്തു. എങ്കിലും വിദ്യാഭ്യാസ മന്ത്രി തോറ്റ് പിന്‍‌മാറാന്‍ തയ്യാറല്ലായിരുന്നു. ഏഴാം ക്ലാസുകാര്‍ക്ക് ‘മതമില്ലാത്ത ജീവനെ’ നല്‍കി അദ്ദേഹം പുതിയ വിവാദത്തിന് തുടക്കമിട്ടു. 2008ല്‍ ഏറ്റവും കൂടുതല്‍ പ്രശസ്‌തിയാര്‍ജ്ജിച്ച പുസ്‌തകം എന്ന് വേണമെങ്കില്‍ ഏഴാം ക്ലാസിലെ വിവാദ പുസ്തകത്തെ പറയാം. പുസ്തകത്തില്‍ തിരുത്തലുകള്‍ അനിവാര്യമെന്ന സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രശ്നം തോളിലിട്ട് നടന്ന പ്രതിപക്ഷം അടങ്ങി. സമരം ചെയ്ത കെ‌എസ്‌യുകാര്‍ക്കെതിരെ മുഷ്‌ടി മുറുക്കി ഇറങ്ങുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രതിനിധികളെ 2008ലുടനീളം കാണാന്‍ കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :