അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് സ്ത്രീസാന്നിധ്യം എത്തിയിട്ട് കാലമേറെയായി. എന്നിട്ടും ഇന്നും സമൂഹം മൂന്നാം കണ്ണിലൂടെയാണ് സ്ത്രീയെ വീക്ഷിക്കുന്നത്. സ്ത്രീ അബല ആണെന്നും അല്ലെന്നും വാദപ്രതിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വീണ്ടും ഒരു വനിതാ ദിനം.
സ്ത്രീകളുടെ അവകാശസംരക്ഷണവും അവസരസമത്വവും ലക്ഷ്യം വച്ചാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 ലോകവനിതാ ദിനമായി ആചരിക്കാന്‍ ആഹ്വാനം നല്‍കിയത്.
എല്ലാ വനിതാ ദിനത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന സ്ത്രീ സംവരണവാദം ഇത്തവണയും ഇന്ത്യയില്‍ ഉയരുന്നുണ്ട്. സ്ത്രീ സംവരണത്തിനായി ശബ്ദമുയര്‍ത്തുന്ന ഇടത് പാര്‍ട്ടികളുടെ പിന്തുണ കൊണ്ട് മാത്രം ഭരിക്കുന്ന ഡോ. മന്മോഹന് സിങ്ങിന്റെ കേന്ദ്ര സര്‍ക്കാരിനും നിയമനിര്മ്മാര്ണ സഭകളില്‍ വനിതാ പ്രാതിനിധ്യം കൂട്ടാന്‍ കഴിയുന്നില്ല.
എങ്കിലും സംവരണത്തിലൂടെ കൈപിടിച്ച് കയറ്റേണ്ടതാണോ സ്ത്രീയെ എന്ന ചോദ്യം ബാക്കി നില്ക്കുന്നു.അവള്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്കി ധൈര്യം നല്കി അവളുടെ നാവിന് ശബ്ദിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്കി സ്വയം വളരുവാനായുള്ള സാഹചര്യമല്ലേ സമൂഹം ഒരുക്കേണ്ടത്. .
ചോദ്യങ്ങള്‍ പലതുണ്ടാവാം. സെമിനാറില്‍ വാതോരാതെ പ്രസംഗിക്കുകയും കൂട്ടിക്കിഴിക്കലുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് പിന്നീട് പഴകിയ ഒരു പത്ര വാര്‍ത്ത മാത്രമായി മാറുന്നു. കുറേ വാര്‍ത്തകളിലൂടെയല്ലാതെ എന്ത് അവകാശങ്ങളാണ് ജീവിതത്തില്‍ സ്ത്രീയ്ക്കുള്ളത്.
കച്ചവടത്തിന്റെ കണ്ണുകൊണ്ട് ഒരു വില്‍പ്പനച്ചരക്കായി സ്ത്രീ മാറ്റപ്പെടുന്നു. മേനി പ്രദര്‍ശനത്തിലൂടെ അവള് സ്വയം കീഴടങ്ങിക്കൊടുക്കുന്നു. അമ്മയും സാഹോദരിയും ഭാര്യയും എല്ലാമായി സമൂഹത്തില്‍ നിറയുന്നവള്‍ക്ക് നാം എന്നും നല്‍കുന്നത് കണ്ണുനീര് മാത്രം.
നമ്മുടെ മനസ് മാറേണ്ടതല്ലേ. ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ അഭ്യസ്ത വിദ്യരാണ്. ബീഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും നരകിയ്ക്കുന്നവര്, പ്രസവിയ്ക്കുവാനും എല്ലുമുറിയെ പണിയെടുക്കാനും മാത്രമായി ജീവിക്കുന്നവര്‍ എന്തിന് കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങള്‍.
ഉന്നതങ്ങളിലെത്തിയ ഒരു പാട് സ്ത്രീകളുണ്ട്. അവര്‍ക്ക് നാം മാന്യത നല്കുന്നുണ്ടോ. അരുന്ധതി റോയി കേരളത്തിന് അപമാനം എന്നു പറയുന്നവരാണിവിടെ. മാധവിക്കുട്ടിയെയും തസ്ലീമ നസ്രീനെയും അധിക്ഷേപിക്കുന്നവര്‍ വേറെ. പലപ്പോഴും ഭരണ നേതൃത്വത്തില്‍ തന്നെ സ്ത്രീ അപമാനിക്കപ്പെടുന്നു.
നമുക്കെന്നും സ്ത്രീ അസൂയാലുക്കളാണ്. പരദൂഷണക്കാരികളാണ്. എല്ലാം മാറ്റിവച്ച് ചിന്തിയ്ക്കുക. സ്ത്രീ എന്ന മാതൃഭാവത്തിന്റെ ഉയര്‍ച്ചയിലേയ്ക്കുള്ള ചര്‍ച്ചയാവണം ഇവിടെ ഉയരേണ്ടത്.
WEBDUNIA|
അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി ഇച്ഛാശക്തി നല്കി, സംസാര സ്വാതന്ത്ര്യം നല്കി നാളത്തെ മികവുറ്റ ശബ്ദമായി അവര്‍ മാറുന്നത് കാണാം. ഈ വനിതാ ദിനത്തിന്റെ സന്ദേശവും അതാകട്ടെ.