വനിതാദിനം സ്‌പെഷ്യല്‍: ഒരു പെണ്‍‌കുഞ്ഞും ഉപദ്രവിക്കപ്പെടാത്ത ലോകമാവട്ടെ ലക്‍ഷ്യം !

ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (09:45 IST)
മാര്‍ച്ച് എട്ട് ലോക വനിതാ ദിനം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശസമരത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ട് കടക്കുന്ന ദിവസമാണിത്.

എന്നെത്തെയും പോലെ സമത്വം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് എട്ടിലെ ഈ വനിതാദിനം കടന്നെത്തുന്നത്.

ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോദിവസവും ഉണ്ടാകുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്ന ലോകത്ത് എന്തിനു വേണ്ടിയാണ് ഈ വനിതാ ദിനം ആചരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്.

എക്കാലവും സമൂഹത്തിന്റെ മുൻ നിരയിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കാണിക്കാ‍നുള്ള വെറും കപട നാടകമായി ഈ ആഘോഷം മാറരുതെന്നാണ് ഏവരും ആവശ്യപ്പെടുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്‍റെ വാര്‍ത്തകള്‍ക്കിടയിലാണ് വനിതാദിനം ആഘോഷിക്കുന്നതിന്‍റെ വാര്‍ത്തയും വായിച്ചെടുക്കേണ്ടത് എന്ന ഗതികേട് ഇന്നത്തെ സമൂഹത്തിനുണ്ട്. എങ്കിലും വനിതാസമൂഹത്തിന് പുത്തനുണര്‍വ്വും ഊര്‍ജ്ജവും പകരാന്‍ ഇത്തരം ആഘോഷങ്ങള്‍ പര്യാപ്‌തമാകട്ടെ എന്ന് ആശംസിക്കാന്‍ ഈ അവസരം ഉപയോഗിക്കാം. ഒരു പെണ്‍‌കുഞ്ഞും ഉപദ്രവിക്കപ്പെടാത്ത ഒരു ലോകത്തിന്‍റെ സൃഷ്‌ടി സ്വപ്‌നം കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :