അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (08:58 IST)
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഡ്വക്കേറ്റുമാറ്റ ഷുക്കൂർ വക്കീൽ. 1994 ഒക്ടോബർ 6ന് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതനായിരുന്നുവെങ്കിലും നിയമത്തിലെ വ്യവസ്ഥ പ്രകാരം പെണ്മക്കൾക്ക് തൻ്റെ സ്വത്തിൻ്റെ പൂർണ്ണമായ അവകാശം ലഭിക്കില്ല എന്ന സാഹചര്യത്തിലാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാകുന്നത്.
ഭാര്യ പി എ ഷീനയുമായി1994 ഒക്ടോബറിൽ 1937ലെ മുസ്ലീം വ്യക്തിനിയമപ്രകാരമാണ് ഷുക്കൂർ വക്കീൽ വിവാഹിതനായത്. ഈ നിയമത്തിലെ വ്യവസ്ഥ പ്രകാരം ദമ്പതികൾക്ക് ആണ്മക്കൾ ഇല്ലെങ്കിൽ സ്വത്തീൻ്റെ മൂന്നിൽ രണ്ട് ഓഹരികൾ മാത്രമെ പെണ്മക്കൾക്ക് ലഭിക്കുകയുള്ളു. ബാക്കി വരുന്ന ഒരു ഭാഗം ഓഹരി സഹോദരങ്ങൾക്കായിരിക്കും ലഭിക്കുക. ഈ വ്യവസ്ഥ മറികടക്കുന്നതിനായാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീൽ ഭാര്യ ഷീനയുമായി വനിതാദിനത്തിൽ രണ്ടാമതും വിവാഹിതനാകുന്നത്.
ഷുക്കൂർ വക്കീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും.
പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്...
വിശദമായി പറയാം,
1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം.
ഇസ്‌ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ
ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.
ഒക്ടോബര്‍ ഒമ്പതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്‍മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍!
മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.
ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും! FB യില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം.
ഖബറടക്കവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.
എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്?
കടം വല്ലതും തീര്‍ക്കാനുണ്ടോ?
സമ്പാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ?
തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.
എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ?
സംശയമെന്തിരിക്കുന്നു.
അവര്‍ക്കു തന്നെ കിട്ടണം.
എന്നാല്‍, അവര്‍ക്ക് കിട്ടുമോ?
അതെന്തേ അങ്ങിനെ ഒരു ചോദ്യം!
കിട്ടില്ല, അതു തന്നെ.
ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടര്‍ച്ചാ നിയമം, മുസ്ലിം പേഴ്‌സണല്‍ ലോ അഥവാ ശരീഅ പ്രാകാരം ആണ്.
എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല.
എന്നാല്‍ 1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
അഥവാ താഹിസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതു മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ.
ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.
1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.
തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി?
അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?
നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.
അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.
1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.
ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.
സമത്വം സകല മേഖലകളിലും പരക്കട്ടെ.
എല്ലാവര്‍ക്കും നന്മയും സ്‌നേഹവും നേരുന്നു.
എല്ലാവര്‍ക്കും
മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.