സ്ത്രീ വിമാനമിറങ്ങിയാല്‍ പതിനാറായിരം പൊട്ടും!

WEBDUNIA|
PRO
PRO
നമ്മുടെ നാട് ഇങ്ങനെയാണ്. കാലം മാറിയത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കും. അല്ലെങ്കില്‍, ഇന്ത്യയിലെ ‘ഇന്ത്യന്‍ കസ്റ്റംസ്‌ ആന്‍ഡ്‌ ബാഗേജ്‌ അലവന്‍സ്‌ റെഗുലേഷന്‍സ്‌’ എന്ന തുരുമ്പിച്ച നിയമം നോക്കൂ. ഇന്ത്യയിലേക്ക് വരുന്ന സ്ത്രീകള്‍ക്ക് ധരിക്കാവുന്ന സ്വര്‍ണാഭരണത്തിന്റെ പരമാവധി മൂല്യം ഇരുപതിനായിരം രൂപയാണെന്നാണ് ഈ നിയമം നിഷ്കര്‍ഷിക്കുന്നത്. അതായത്, ശരിക്ക് ഒരു പവന്റെ ആഭരണം പോലും ഇടാന്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന സ്ത്രീകള്‍ക്ക് പറ്റില്ല!

സാധാരണ വിമാനത്താവളങ്ങളില്‍ ഈ നിയമം ആരും അത്ര ശ്രദ്ധിക്കാറില്ല. എന്തിനും ഏതിനും പിഴയിടീപ്പിക്കാന്‍ നടക്കുന്ന നമ്മുടെ കേരളത്തിലെ കസ്റ്റംസ്‌ അധികൃതര്‍ ഈ നിയമം കര്‍ശനമാക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തു പവനിലധികം സ്വര്‍ണാഭരണം അണിഞ്ഞ്‌ വിദേശത്തു നിന്നെത്തിയ സ്ത്രീ ഒടുക്കേണ്ടി വന്നത് 7500 രൂപ പിഴയാണ്.

20000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണ്ണം ധരിക്കുന്ന സ്ത്രീകളും, 10000 രൂപയ്ക്കു മുകളില്‍ മൂല്യമുള്ള സ്വര്‍ണ്ണം ധരിച്ചിരിക്കുന്ന പുരുഷന്മാരും അധികമുള്ള സ്വര്‍ണ്ണത്തിന് നികുതിയും വിദ്യാഭ്യാസ സെസും നല്‍‌കിയാലേ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയൂ. അതായത്, ഇപ്പോള്‍ പവനു 20000 രൂപയ്ക്കു മുകളിലായതിനാല്‍ നാട്ടിലെത്തുന്ന എല്ലാ വിദേശ ഇന്ത്യാക്കാരും നികുതിയടക്കേണ്ട സ്ഥിതിയിലാണെന്ന് സാരം.

താലിമാല, വള, കമ്മല്‍, മോതിരം എന്നിങ്ങനെ ശരാശരി പത്ത് പവന്റെ ആഭരണങ്ങള്‍ ധരിച്ചാണ്‌ മലയാളി സ്ത്രീകള്‍ നാട്ടിലേക്ക്‌ മടങ്ങുന്നത്‌. ഇപ്പോഴത്തെ നിയമം അനുസരിച്ച്‌ ഇവര്‍ 16,000 രൂപയിലധികം നികുതിയായി അടയ്ക്കേണ്ടിവരും. ഇതിലധികം കൊണ്ടുവന്നാല്‍ മൊത്തം മൂല്യത്തിന്റെ പത്തു ശതമാനത്തിനടുത്ത്‌ നികുതിയായി അടയ്ക്കണം.

ആഭരണങ്ങള്‍ അണിഞ്ഞുവരുമ്പോള്‍ പിഴ ഒടുക്കാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഇന്ത്യയില്‍ നിന്നു പോകുമ്പോള്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ്‌ കസ്റ്റംസ്‌ അധികൃതരെ ബോധ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിവയ്ക്കലാണത്. തിരിച്ചെത്തുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ്‌ കാണിച്ചാല്‍ നികുതി അടയ്ക്കേണ്ടതില്ല. എന്നാല്‍ ‘ബോധ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങല്‍’ സങ്കീര്‍ണമായതിനാല്‍ ആരും ഇതിന് മിനക്കെടാറില്ല.

ഈ തുരുമ്പ് പിടിച്ച നിയമം പരിഷ്കരിക്കുന്നതിനെ പറ്റി കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി ചര്‍ച്ച നടത്തിയിരുന്നു. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് നികുതിയിനത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്കനുകൂലമായ മാറ്റം ഉടനെ തന്നെ കൊണ്ടുവരുമെന്ന് മെയ് മാസത്തില്‍ ഉറപ്പും നല്‍‌കിയിരുന്നു. ഈ ഉറപ്പിന്റെ ഗതി എന്താവുമെന്ന് കണ്ടുതന്നെ അറിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :