വനിതകളോടും ‘മമത’

PROPRO
മമത ലോക്സഭയില്‍ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസം കൊണ്ടത് സ്ത്രീകളായിരുന്നു. കാരണം വേറൊന്നുമല്ല, ബജറ്റ് അവതരിപ്പിച്ച കൂട്ടത്തില്‍ പെണ്‍കാതില്‍ ഒരു കിന്നാരവും ചൊല്ലി മമത. “പൊന്നുമോളേ, ഇനി നീ പൂവാലന്മാരെയൊന്നും പേടിക്കണ്ട. ഇന്നാ പിടിച്ചോ, നിങ്ങള്‍ക്കൊരു സ്‌പെഷ്യല്‍ കെയര്‍”.

പോരെ പൂരം! ട്രെയിനിലെ വനിതാ യാത്രികര്‍ക്ക് ആഹ്ലാദിക്കാന്‍ ഇനി എന്തു വേണം? നിത്യേന രാവിലെ ട്രെയിനില്‍ കയറി യാത്ര ചെയ്യേണ്ട സുന്ദരികള്‍ക്ക് ‘കണ്ണു കൊണ്ടുള്ള ബലാത്സംഗം’ അടക്കം ഒന്നിനെയും ഇനി പേടിക്കണ്ട. അഥവാ ഏതവനെങ്കിലും, ഒന്നു തറപ്പിച്ചു നോക്കിയാല്‍ നേരെ പോകുക. നിങ്ങളെ കാത്ത് പി അര്‍ എഫ് ബറ്റാലിയനിലെ വനിതാ കമാന്‍ഡോ തൊട്ടടുത്ത് തന്നെ കാണും.

നിത്യേന യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വനിതകള്‍ക്കാണ് മമതയുടെ ‘പുതിയ പ്രൊട്ടക്ഷന്‍’ ലഭിക്കുക. സ്ത്രീകള്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ട്രെയിന്‍ യാത്ര സാധ്യമാക്കുക എന്നതാണ് മമതയുടെ ലക്‌ഷ്യം. ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റുകള്‍ ചിലപ്പോഴൊക്കെ സ്ത്രീകള്‍ക്ക് ദുരിതയാത്രയുടെ പര്യായമായി മാറുമ്പോള്‍, നിത്യേന ട്രെയിനില്‍ ജോലിക്കും, കോളജ് ‘ജോളി’യാക്കാനും പോകുന്നവര്‍ക്ക് ഇനി ആരെയും പേടിക്കണ്ട.

യാത്രക്കാരുടെ പ്രത്യേക സംരക്ഷണം ലക്‌ഷ്യം വച്ചുകൊണ്ട് കമാന്‍ഡോ ബെറ്റാലിയന്‍ വിപുലപ്പെടുത്തുകയും, ഇതില്‍ തന്നെ വനിതാ പി ആര്‍ എഫ് സ്‌ക്വാഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് മമതയുടെ വാഗ്‌ദാനം. ഇങ്ങനെ വരുന്നതോടെ ആരെയും ഭയക്കാതെ യാത്ര ചെയ്യാന്‍ സ്ത്രീജനങ്ങള്‍ക്ക് കഴിയും.

WEBDUNIA|
പുതുതായി നിയമിക്കപ്പെടുന്ന വനിതാ കമാന്‍ഡോകളുടെ ഉത്തരവാദിത്തം സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നുള്ളതാണ്. പ്രത്യേകിച്ച്, ഒറ്റയ്ക്ക് നിത്യേന ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക്. അവരുടെ ജീവനും, സ്വത്തിനും, പിന്നെ ‘മാന’ത്തിനും സംരക്ഷകരായി വനിതാ കമാന്‍ഡോകള്‍ എത്തുന്നതോടേ ട്രെയിന്‍ യാത്ര നിര്‍ഭയമാകുമെന്ന് ഉറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :