കീബോര്‍ഡിലും വള കിലുക്കം

IFM
കീ ബോര്‍ഡില്‍ അടിച്ച് തകര്‍ക്കുകയാണവള്‍. അക്ഷരങ്ങള്‍ അമര്‍ത്തുന്ന സ്വരത്തിനൊപ്പം മനസിലെവിടെയോ നനുത്ത ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കിലു കിലു ശബ്‌ദവും. ഒരു പക്ഷേ ആ ശബ്‌ദമായിരിക്കും തൊട്ടടുത്തിരിക്കുന്ന ബോസിന് ദേഷ്യമുണ്ടാകാതിരിക്കാന്‍ കാരണം.

കാലം എത്ര മാറിയാലും ആ കിലുക്കത്തിന് മാറ്റമൊന്നും വരാന്‍ പോകുന്നില്ല. കാരണം പെണ്‍ മനസുകളില്‍ ആ കിലുക്കത്തിന് അത്രയധികം വലിയ സ്ഥാനമാണുള്ളത്. സാരിയാണെങ്കിലും ചുരിദാറാണെങ്കിലും ജീന്‍സാണെങ്കിലും അണിയുന്നതിന്‍റെ ‘സ്റ്റൈലില്‍’ മത്രമാണ് മാറ്റം വരുന്നത്, പെണ്‍ മനസുകള്‍ക്ക് ഈ നിത്യഹരിതപ്രണയം ആരോടെന്നല്ലേ! കൈകളില്‍ കിലു കിലു കിലുങ്ങുന്ന അവളോട്, വളയോട്.

പണ്ട് കുപ്പിവളകളും കരിവളകളും ആണ് പെണ്‍മനസ് കവര്‍ന്നിരുന്നതെങ്കില്‍ ഇന്ന് വസ്ത്രത്തിനിണങ്ങുന്ന നിറങ്ങളിലുള്ള വളകള്‍ക്കാണ് പ്രാമുഖ്യം. ചുരിദാര്‍ സുന്ദരികള്‍ കുപ്പി വളകളുടെ സ്ഥാനത്ത് നൂറുകണക്കിന് ഡിസൈനുകളുള്ള വളകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാനി വള, തൊങ്ങലുകള്‍ ഉള്ള വള, ഗ്ലാസ് പതിപ്പിച്ച വള എന്നിങ്ങനെ നിരവധി ഡിസൈനുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ധരിക്കുന്ന ചുരിദാറില്‍ എത്ര നിറങ്ങളുണ്ടോ അത്രയും നിറങ്ങളുള്ള വളകള്‍ ധരിക്കുന്നത് ആണ് പുതിയ ഫാഷന്‍. ധരിക്കുന്ന വസ്ത്രത്തോട് ചേര്‍ന്ന നിറങ്ങളുള്ള വളകള്‍ ധരിക്കുന്നത് കോളെജ് വിദ്യാര്‍ത്ഥികളുയിടയിലും ഐ ടി പ്രൊഫഷണലുകളുടെയിടയിലും ഒരു പോലെ സാ‍ധാരണമായിരിക്കുകയാണ്.

ജീന്‍സ് ധരിക്കുന്ന മോഡേണ്‍ സുന്ദരികള്‍ക്ക് മോഡേണ്‍ ലുക്ക് ലഭിക്കുന്നതിന് തടിയിലും ഫൈബറിലും തീര്‍ത്ത വളകള്‍ ധരിക്കാം. തടിയിലോ ഫൈബറിലോ ഉള്ള വീതി കൂടിയ വളാകളാണ് കൂടുതല്‍ ഇണങ്ങുക. ഇങ്ങനെയുള്ള ഒരു വള ധരിക്കുമ്പോള്‍ തന്നെ ‘ സ്‌റ്റൈലിഷ് ലുക്’ ലഭിക്കും. അതുപോലെ മെറ്റല്‍ ഇനത്തില്‍പ്പെട്ട ബ്ലാക്ക് മെറ്റല്‍ വളകളും, വൈറ്റ് മെറ്റല്‍ വളകളും ഫാഷന്‍ തരംഘത്തില്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

പിന്നൊരു കാര്യം വള ഇപ്പോള്‍ വളയ രൂപത്തില്‍ മാത്രമല്ല, ചതുരാകൃതിയിലും പിരിയന്‍ രൂപങ്ങളിലും ഒക്കെ ലഭ്യമാണ്. പക്ഷേ പുതു ആകൃതിയല്ലേ, അഞ്ച് ആറെണ്ണം ധരിച്ചേക്കാം എന്നൊന്നും വിചരിക്കണ്ട. ഒരെണ്ണം മതി. അതാണ് ഭംഗി.

സാരി ധരിക്കുമ്പോള്‍ സാരിക്ക് ചേരുന്ന നിറത്തിലുള്ള കുന്തന്‍ ടൈപ്പ് വളകള്‍ അണിയുന്നതാണ് നല്ലത്. പാര്‍ട്ടികളിലും കല്യാണങ്ങളിലും ധരിക്കാന്‍ ഇത്തരത്തിലുള്ള വളകള്‍ തിരഞ്ഞെടുക്കുക. കല്ലുകളും അലങ്കാര പണികളും ഉള്ള ഇത്തരം വളകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിന്‍റെ സ്വന്തം വേഷങ്ങളായ കേരള സാരിക്കൊപ്പവും സെറ്റും മുണ്ടിനുമൊപ്പവും പട്ടുപാവാടക്കൊപ്പവും കുപ്പിവളകള്‍ അണിയുന്നവര്‍ ഇന്നും കുറവല്ല.

WEBDUNIA|
ഇനി ധൈര്യമായി വളയണിഞ്ഞ് ഓഫീസിലേക്ക് പൊയ്ക്കോളൂ, നിങ്ങളുടെ കീബ്വോര്‍ഡും ഇനി കിലുങ്ങട്ടെ!!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :