തിരുവനന്തപുരം|
Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (15:58 IST)
ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളിലാണ്. കാരണം, വരുംകാലത്ത് രാജ്യത്തെ നയിക്കേണ്ടവര്‍ ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് എന്നതു തന്നെ. എന്നാല്‍, രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള അക്രമം അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരികയാണ്.
സമൂഹവും കുടുംബവും കുട്ടികള്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
ഈ പശ്ചാത്തലത്തിലാണ് 2012ല്‍ ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012ല്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.
പോക്സോ ആക്‌ട് 2012 അഥവാ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ നിയമം.
എന്തിനു വേണ്ടിയാണ് പോക്സോ നിയമം
നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും.
വകുപ്പ് അഞ്ച് അനുസരിച്ച് ഗൌരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള
ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകയാണ്.
(കടപ്പാട് - കുട്ടികളുടെ അവകാശങ്ങള്‍)