1891ല്‍ ഒരു ഇന്ത്യന്‍ രാജ്ഞി ലണ്ടനിലെ തന്‍റെ പ്രിയതമന് അയച്ച ഒരു വലന്‍റൈന്‍ കാര്‍ഡിന്‍റെ വില ഏകദേശം 250000 പൌണ്ടായിരുന്നു. വിലയേറിയ രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ച ആ കാര്‍ഡില്‍ തുടങ്ങുന്നു വലന്‍റൈന്‍ സമ്മാനങ്ങളുടെ ഇന്ത്യന്‍ ചരിത്രവും. പ്രണയത്തിന് കണ്ണില്ലെന്നതു പോലെ പ്രണയത്തിന് വിലയിടാനാവില്ലെന്നാണ് പ്രണയിതാക്കളുടെ മതം.
കാലമേറുന്തോറും പ്രണയത്തിന്‍റെ വിലയും കൂടുകയാണ്. ആയിരങ്ങളും പതിനായിരങ്ങളും പിന്നിട്ട് ലക്ഷങ്ങളിലും കോടികളിലുമെല്ലം എത്തിനില്‍ക്കുകയാണ് പ്രണയസമ്മാനങ്ങളുടെ വില. ഈ പ്രണയകച്ചവടത്തില്‍ കണ്ണും നട്ട് ലോകത്തിലെ ബ്രാന്‍ഡ് ഭീമന്‍മാരായ ക്രിസ്ത്യന്‍ ഡയര്‍, ഹ്യുഗൊ ബോസ് തുടങ്ങിയവരെല്ലാം ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്.
നാലൊ അഞ്ചോ വര്‍ഷമായിട്ടാണ് പ്രമുഖ ബ്രാന്‍ഡുകള്‍ പ്രണയദിനത്തില്‍ കണ്ണുവച്ചു തുടങ്ങിയത്. ആഭരണങ്ങളുടെയും, വാച്ചുകളുടെയും വില്‍പ്പനയില്‍ മാത്രം 10 മുതല്‍ 25 ശതമാനത്തിന്‍റെ വര്‍ധനവാണ് വന്‍ ബ്രാന്‍ഡുകള്‍ പ്രതീക്ഷിക്കുന്നത്. പ്തിവു പോലെ സ്വര്‍ണ മോതിരത്തിനും ചുവന്ന റോസാ പുഷപത്തിനും തന്നെയാണ് ആവശ്യക്കാരെങ്കിലും എന്തിലും വ്യത്യസ്തത തേടുന്നവര്‍ക്കായി സ്വര്‍ണം പൂശിയ റോസ് പുഷ്പം വരെ ഒരുക്കി കാത്തിരിക്കുകയാണ് വ്യാപാരികള്‍.
റീട്ടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം കഴിഞ്ഞവര്‍ഷം പ്രണയസമ്മാനങ്ങള്‍ക്കായി ഇന്ത്യന്‍ കമിതാക്കള്‍ മുടക്കിയത് 1200 കോടി രൂപയാണ്. ഇതില്‍ 360 കോടി രൂപയും ചെലവഴിച്ചത് ആഭരണങ്ങള്‍ക്കായിരുന്നു. ഈ വര്‍ഷം 50 ശതമാനം അധിക വില്‍പ്പനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
നഗരങ്ങളിലാണ് പ്രണയസമ്മാനങ്ങളുടെ പെരുമഴക്കാലം അരങ്ങേറുന്നത്. കാര്‍ഡുകള്‍ മുതല്‍ വിലകൂടിയതും കുറഞ്ഞതുമായ കൊച്ചു കൊച്ചു കൗതുക വസ്തുക്കള്‍ക്കുവരെ... നഗരങ്ങളില്‍ പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍ കഴിഞ്ഞാല്‍ കാര്‍ഡ് വിപണിയിലെ ഏറ്റവും വലിയ കൊയ്ത്താണ് പ്രണയദിനം. കാര്‍ഡുകള്‍ കൈമാറാതെ എന്തു വാലന്‍റൈന്‍സ്.
കാര്‍ഡുകള്‍ കഴിഞ്ഞാല്‍ അല്‍പ്പം പോക്കറ്റ് മണിയുണ്ടെങ്കില്‍ ഒരു കൊച്ചു മോതിരമോ ലോക്കറ്റൊ ഒക്കെയാണ് അധികം പേരും തെരഞ്ഞെത്തുന്നത്. പക്ഷെ വീട്ടുകാരുടെ ആശംസയുള്ള പ്രണയത്തിനെ സ്വര്‍ണ സമ്മാനങ്ങളുടെ വില താങ്ങാനാവൂ എന്നതിനാല്‍ ചെറിയ കൗതുക വസ്തുക്കള്‍ വില്ക്കുന്ന കടകളിലാണ് വാലന്‍റൈന്‍സ് ഡേയ്ക്ക് തിരക്ക് കൂടുതല്‍.
സമ്മാനങ്ങളില്‍ അധികം പേരു തെരഞ്ഞെത്തുന്നത് ‘ടെഡി ബിയര്‍‘ എന്ന കുട്ടികരടിയെയാണ്. നൂറും അഞ്ഞൂറും രൂപ മുതല്‍ അഞ്ചും പത്തും രൂപയ്ക്ക് വരെ കിട്ടുമെന്നതു തന്നെയാണ് കൗതുകമുള്ള ഈ കുട്ടിക്കരടികള്‍ക്ക് വിപണിയില്‍ പ്രിയം കൂടാന്‍ കാരണം.
ഇങ്ങനെ വിപണിയുടെ തികച്ചും വ്യത്യസ്തമായൊരു ലോകമാണ് വാലന്‍റൈന്‍സ് ഡേ ഒരുക്കുന്നത്. പ്രധാനമായും കൗമാരക്കാരെ ലക്‍ഷ്യംവച്ചു കൊണ്ടുള്ള ഈ വിപണി കച്ചവടക്കാരെ ഒരു കാലത്തും നിരാശരാക്കാറില്ല എന്നതും പ്രണയത്തിന്‍റെ മാത്രം പ്രത്യേകതയായിരിക്കണം.