എല്ലാം ആഘോഷമാക്കുന്ന പുതുതലമുറ പ്രണയവും ആഘോഷമാക്കിയിരിക്കുന്നു. കൈമാറുന്ന ആശംസാ സന്ദേശത്തിലൂടെ, വാക്കുകളിലൂടെ, സമ്മാനങ്ങളിലൂടെ അവര്‍ അതാസ്വദിക്കുന്നു. കാല്പനിക കവികള്‍ വാഴ്ത്തിപ്പാടിയ ആര്‍ദ്ര പ്രണയം പോയ് മറഞ്ഞതുപോലെ. പ്രണയ തീവ്രത കാലപ്രവാഹത്തില്‍ ചോര്‍ന്നു പോയതു പോലെ.... പ്രണയ ഊഷ്മളത, വിശ്വാസം, ദൃഢത..... എല്ലാമെല്ലാം പ്രണയികളില്‍ നിന്നും നഷ്ടമാകുന്നുവോ?
പുതുതലമുറയ്ക്ക് ഒരേ സ്വരം,കണ്ണൂം മൂക്കുമൊന്നുമില്ലാത്ത പ്രണയം ഇന്നാര്‍ക്കുമില്ല. ജാതിയും, മതവും, പണവും, സ്റ്റാറ്റസുമൊക്കെ, പറ്റു മെങ്കില്‍ ജാതകം വരെ നോക്കി മാത്രമേ ഞങ്ങള്‍ പ്രേമിക്കൂ. എന്തിനാ വെറുതേ. മേല്‍ പറഞ്ഞതെല്ലാം ഒത്തുവരുന്ന പയ്യന്സിനെയോ പെണ്ണിനെയോ ആണെങ്കില്‍ വീട്ടുകാര്‍ക്ക് സന്തോഷം. പ്രണയികള്‍ക്ക് അതിനേക്കാള്‍ സന്തോഷം.
പ്രണയിച്ച് അടിപൊളിയായ് കറങ്ങി മടുക്കുന്പോള്‍ വീട്ടുകാര്‍ തന്നെ ആശീര്‍വദിച്ച് നാലാളറിയെ കെട്ട് നടത്തി തരുന്നതിന്റെ സുഖമൊന്നു വേറെ. മറ്റേതോ? ജാതിയും മതവും വിട്ടുള്ള ഞാണിന്മേല് കളിയാണ് . പിന്നെ വീട്ടുകാരുടെ എതിര്‍പ്പ് തുടങ്ങിയ എടാകൂടങ്ങള്‍.
ഇതൊക്കെ കഴിഞ്ഞ് കെട്ടിയാലോ സാന്പത്തികമെന്നും, സംശയമെന്നുമൊക്കെപ്പറഞ്ഞ് പ്രശ്നങ്ങളുടെ ഘോഷയാത്ര എല്ലാം നോക്കി, വിജയിക്കുമെന്നുറപ്പുള്ള പ്രേമമല്ലേ ഇതിലൊക്കെ ഭേദം. ഒരേയൊരു ജീവിതമല്ലേയുള്ളൂ എന്തിനാ വെറുതേ സ്പോയില് ചെയ്യുന്നത്. കാര്യകാരണസഹിതം പുതുതലമുറ വാദിക്കുന്നു.