കയറ്റുമതിക്ക്‌ സേവന നികുതി ഇളവ്‌

WEBDUNIA|

കയറ്റുമതി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിവിധ സേവനങ്ങളില്‍ നിന്ന്‌ ഈടാക്കുന്ന സേവന നികുതിയില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പതിമൂന്ന്‌ വിവിധ മേഖലകളിലാണ്‌ ഇതുവരെ നികുതി ഇളവ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

അടുത്തയാഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് ഈ ഇളവുകള്‍ എന്നാണു കരുതുന്നത്.

അടുത്തിടെ ഉണ്ടായ രൂപയുടെ മൂല്യവര്‍ധന മൂലം തിരിച്ചടി നേരിട്ട കയറ്റുമതി വ്യവസായികളെ സഹായിക്കുന്നതിനായാണ്‌ ഇത്തരമൊരു നടപടിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്‌.

ഇതനുസരിച്ച്‌ പുതുതായി കയറ്റുമതിയിലെ മൂന്ന്‌ വിഭാഗങ്ങളിലെ സേവന നികുതിയാണ്‌ ഒഴിവാക്കിയിരിക്കുന്നത്‌. കൊറിയര്‍, ട്രാന്‍സ്‌പോര്‍ട്ടിംഗ്‌, റയില്‍‌വേസ് എന്നീ മേഖലകളിലാണ്‌ ഇളവ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

ഫാക്‌ടറിയില്‍ നിന്നും കണ്ടയ്‌നര്‍ ഡിപ്പോകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ കയറ്റുമതിക്കുള്ള ചരക്കുകള്‍ എത്തിക്കുന്ന ഏജന്‍സികളുടെ സേവന നികുതിയാണ്‌ ഒഴിവാക്കിയത്‌. ഇത്‌ കൂടാതെ തീവണ്ടി മാര്‍ഗ്ഗമുള്ള ചരക്കു കൈമാറ്റത്തിനും സേവന നികുതി ഇളവ്‌ ലഭിക്കും.

വിദേശത്തേക്ക്‌ ഡോക്യുമെന്‍റുകള്‍, സാമ്പിളുകള്‍ എന്നിവ കൊറിയര്‍ വഴി അയക്കുന്നതിനും ഇനി സേവന നികുതി നല്‍കേണ്ടതില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :