ഏഷ്യാനെറ്റില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ പടയൊരുക്കം. സിന്ധുവിനൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് ആരോപിച്ച് ഒരുസംഘം മാധ്യമപ്രവര്‍ത്തകര്‍ ചാനല്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ബ്യൂറോകളില്‍ നിന്നുള്ള ദൈനംദിന വാര്‍ത്താ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് സിന്ധു സൂര്യകുമാറിനെ ചാനല്‍ അധികൃതര്‍ നീക്കി. കറന്റ് അഫയേഴ്സ് വിഭാഗത്തിലേക്കാണ് സിന്ധുവിനെ മാറ്റി നിയമിച്ചിരിക്കുന്നത്.
ബ്യൂറോകളില്‍ നിന്നുള്ള ദൈനംദിന വാര്‍ത്താ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ സിന്ധു സൂര്യകുമാറിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രാജിവച്ചവര്‍ ഉയര്‍ത്തിയ ഒരു ആരോപണം. സിന്ധു ആ ചുമതലയില്‍ തുടരുന്നിടത്തോളം സ്വതന്ത്രമായി ജോലി ചെയ്യാനാവില്ല എന്നായിരുന്നുവത്രെ ആരോപണം.
ഉണ്ണി ബാലകൃഷ്ണന്, മഞ്ജുഷ് ഗോപാല്‍, ബിജു പങ്കജ്, ഹര്ഷന്, ആരതി, മഹേഷ് ചന്ദ്രന്, സനൂപ് ശശിധരന്, സന്ദീപ്, ഷുക്കൂര്‍, ടി വി പ്രസാദ്, വിമല്‍ ജി നാഥ് എന്നിവരാണ് ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ച് മാതൃഭൂമി പുതുതായി ആരംഭിക്കുന്ന വാര്‍ത്താ ചാനലിലേക്ക് പോയത്.
കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി ജി സുരേഷ് കുമാറിനെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി ഏഷ്യാനെറ്റ് നിയമിച്ചു. മനോരമ ന്യൂസില്‍ നിന്ന് ഏഷ്യാനെറ്റില്‍ തിരിച്ചെത്തിയ കെ പി ജയദീപിനെ എക്സിക്യുട്ടീവ് എഡിറ്ററായും നിയമിച്ചിട്ടുണ്ട്.