രേണുക വേണു|
Last Modified ഞായര്‍, 5 ജൂണ്‍ 2022 (08:21 IST)
ബിഗ് ബോസ് മലയാളം ഷോയില്‍ നിന്ന് ഡോ.റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതില്‍ വന്‍ പ്രതിഷേധം. ഡോ.റോബിന്‍ ആര്‍മി ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് റോബിന്റെ ആരാധകര്‍ ബിഗ് ബോസ് ഷോയുടെ അവതാരകന്‍ മോഹന്‍ലാലിനെതിരെ വരെ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അറിയാതെ ബിഗ് ബോസില്‍ ഒന്നും നടക്കില്ലെന്നും ഡോ.റോബിനെ പുറത്താക്കിയത് ശരിയായില്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
മോഹന്‍ലാലിനെ ലാലേട്ടനാക്കിയത് മലയാളികളാണ്. ആ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോ.റോബിനെയാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് മോഹന്‍ലാല്‍ ഇറക്കി വിട്ടത്. ഇനി മോഹന്‍ലാലിന്റെ ഒരു സിനിമ പോലും ഞങ്ങള്‍ കാണില്ല. മോഹന്‍ലാലിനെ ബഹിഷ്‌കരിക്കുകയാണ് റോബിന്‍ ആരാധകര്‍ ചെയ്യേണ്ടതെന്നും ഈ ഗ്രൂപ്പില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പലരും മോഹന്‍ലാലിനെ ഗ്രൂപ്പില്‍ അസഭ്യം പറഞ്ഞിട്ടുമുണ്ട്.
' ലാലേട്ടനറിയാതെ ഒന്നും നടക്കില്ലാ എന്നത് ഉറപ്പാണ്. ഞാന്‍ ലാലേട്ടനെ എഫ്ബിയില്‍ അണ്‍ഫോളോ ചെയ്തു. ഇനി പടം കാണില്ലെന്ന് പേഴ്‌സണല്‍ മെസേജും അയച്ചു. എന്തു പറഞ്ഞാലും ഇനി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും പറഞ്ഞു. ഇതെന്റെ പ്രതിഷേധമാണ്. സത്യമേവ ജയതേ.'
' ഇതൊന്നും ലാലേട്ടന്‍ കാണുന്നില്ലേ, പ്രേക്ഷകരുടെ വോട്ടിന് പുല്ലുവിലയാണോ'
' ലാലേട്ടന് പകരം മമ്മൂക്കയായിരുന്നു ആങ്കര്‍ എങ്കില്‍ ഡോക്ടറോട് ഈ ചതി ചെയ്യില്ലായിരുന്നു' എന്നിങ്ങനെ പോകുന്നു ഡോ.റോബിന്‍ ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ ആരാധകരുടെ കമന്റുകള്‍. സഹതാരം റിയാസിനെ തല്ലിയതിനാണ് റോബിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.