ഗേളി ഇമ്മാനുവല്‍|
Last Updated:
തിങ്കള്‍, 6 ഏപ്രില്‍ 2020 (15:12 IST)
മലയാള സിനിമയില്‍ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരുന്നു അഞ്ചാം പാതിരാ. തിയേറ്ററില്‍ ഗംഭീര വിജയം നേടിയ ഈ സിനിമ മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്‍റെ ആദ്യത്തെ ത്രില്ലര്‍ മൂവിയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിരാ റിലീസായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസായിട്ടില്ല.
അഞ്ചാം പാതിരായ്‌ക്ക് ഒപ്പവും അതിനുശേഷവും റിലീസ് ചെയ്‌ത മറ്റ് ചിത്രങ്ങളൊക്കെ അമസോണ്‍ പ്രൈം പോലെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വന്നപ്പോള്‍ ഈ സിനിമ മാത്രം എത്തിയില്ല. ഈ ലോക്‍ഡൌണ്‍ കാലത്ത് ഏറ്റവുമധികം അന്വേഷണം വന്നത് അഞ്ചാം പാതിരായേക്കുറിച്ചായിരുന്നു. എന്ന് ഇതിന്‍റെ ഡിജിറ്റല്‍ റിലീസ് വരും എന്ന ചോദ്യത്തിന് ഒടുവില്‍ സംവിധായകന്‍ തന്നെ മറുപടി നല്‍കിയിരിക്കുന്നു.
അഞ്ചാം പാതിരായുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഈ മാസം പത്താം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടിവിയില്‍ എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ദിനം വൈകുന്നേരം സൂര്യ ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ സിനിമ സമീപകാല ടിവി റേറ്റിങുകളെയെല്ലാം പിന്തള്ളുമെന്നാണ് പ്രതീക്ഷ.
അതേസമയം, ചിത്രത്തിന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ റിലീസ് എന്നാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ചിത്രം അധികം വൈകാതെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തുമെന്നാണ് പ്രതീക്ഷ.