WEBDUNIA|
Last Modified വെള്ളി, 6 ജനുവരി 2012 (20:37 IST)
PRO
PRO
ഭൂതവും യക്ഷിയും മറുതയും ചാത്തനുമെല്ലാം ചെകുത്താനുമെല്ലാം നടമാടുന്ന പ്രേത സീരിയലുകള്‍ക്ക് സമീപഭാവിയില്‍ കടിഞ്ഞാണ്‍ വീഴുമെന്ന് വാര്‍ത്തകള്‍. ഇത്തരം അബദ്ധജടിലമായ സീരിയലുകള്‍ പ്രേക്ഷകരില്‍, പ്രത്യേകിച്ചും കൊച്ചുകുട്ടികളില്‍, അന്ധവിശ്വാസവും അനാചാരങ്ങളും വളര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി ലഭിച്ചിരിക്കുന്നു എന്നാണ് അറിയുന്നത്.
എറണാകുളത്തെ പ്രശസ്‌ത അഭിഭാഷകന്‍ മുഖേനയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്. ദേവീ മാഹാത്മ്യം, അല്‍ഫോണ്‍സാമ്മ തുടങ്ങിയ ജനപ്രിയ സീരിയലുകളെ പറ്റിയും പരാതിയില്‍ പരാമര്‍ശം ഉണ്ടെന്ന് അറിയുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന കുറ്റാന്വേഷണ പരിപാടിയെ പറ്റിയും പരാതിയുണ്ട് എന്നറിയുന്നു.
ഈ പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി നേരിട്ട് തന്നെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ചില സീരിയലുകള്‍ അന്ധവിശ്വാസവും അനാചാരങ്ങളും വളര്‍ത്തുന്നതായാണെത്രെ. റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്‌തശേഷം നടപടി സ്വീകരിക്കുമെന്നാണ് സൂചന.