അപർണ|
Last Modified വെള്ളി, 14 സെപ്റ്റംബര്‍ 2018 (12:06 IST)
ബിഗ് ബോസ് ആരംഭിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഷിയാസെന്ന മോഡൽ ഹൌസിനുള്ളിൽ എത്തുന്നത്. വന്നതിന്റെ രണ്ടാം ദിവസം മികച്ച മത്സരാർത്ഥിയായ പേളി മാണിയുമായി ഒരു വലിയ വഴക്ക് നടന്നു. പക്ഷേ, പിന്നീട് ഇവർ നല്ല കൂട്ടുകാർ ആവുകയായിരുന്നു.
ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും ലോലനാണ് താനെന്ന് താരം തെളിയിച്ചിരുന്നു. പറയുന്ന കാര്യമെന്താണെന്ന് കൃത്യമായി കേള്‍ക്കാതെയാണ് പലപ്പോഴും ഗെയിം കളിക്കാറുള്ളത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനും കൂടിയാണ് ഷിയാസ്. എടുത്തടിച്ചത് പോലെ പ്രതികരിക്കുന്നതിനാല്‍ മിക്കപ്പോഴും മറ്റുള്ളവരുമായി വഴക്കും ഉണ്ടാക്കിയിരുന്നു.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രമോയിൽ ഷിയാസ് മതിൽ ചാടാൻ ശ്രമിക്കുന്നതാണുള്ളത്. ഹൌസിനുള്ളിലുള്ളവരെല്ലാം തന്നെ കളിയാക്കുകയാണെന്നും പേളിയും അതിന് കൂട്ടുനിന്നുവെന്നുമെല്ലാം ഷിയാസ് ഇടയ്ക്ക് പറയുന്നുണ്ട്. വഴക്കിനൊടുവിൽ തനിക്ക് വീട്ടിൽ പോകണമെന്നും വാതിൽ തുറന്ന് തന്നില്ലെങ്കിൽ മതിൽ ചാടുമെന്നും ഷിയാസ് പറയുന്നുണ്ട്.
മതിൽ ചാടാനാണെങ്കിൽ ചാടട്ടെ എന്ന് സാബുവും പറയുന്നുണ്ട്. ഒപ്പം ഷിയാസിന്റെ വസ്ത്രങ്ങളടങ്ങിയ കവർ സാബു പുറത്തേക്ക് വലിച്ചെറിയുന്നുമുണ്ട്. വീട്ടിൽ പോകാനല്ലേ അവൻ പോട്ടേയെന്ന് പേളിയും പറയുന്നു. എന്നാൽ, ഷിയാസ് അതിരുകളെല്ലം ലംഘിച്ച് മതിൽ ചാടാനൊരുങ്ങുമ്പോൾ ‘അത് ചെയ്യരുതെന്നും കേസാകുമെന്നും’ പേളി പറയുന്നുണ്ട്. പക്ഷേ, മതിൽ ചാടി പുറത്തുകടക്കാൻ ശ്രമിക്കുന്ന ഷിയാസിനെയാണ് അവസാനം കാണിക്കുന്നത്.
അതേസമയം, ഇത് ബിഗ് ബോസിന്റെ സീക്രട്ട് ടാസ്ക് ആണെന്നും ഷിയാസും സാബുവും പേളിയും ചേർന്ന് ഹൌസിനുള്ളിൽ ഉള്ളവരെ പ്രാങ്ക് ആക്കുന്നതാണെന്നും ആരാധകർ പറയുന്നു.