Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (17:39 IST)
ബറോലി: കഞ്ചാവ് തലക്കുപിടിച്ചതോടെയാണ് യുവാവിന് വീട്ടിൽ പോകാൻ തോന്നിയത്. പിന്നെ മടിച്ചില്ല നേരെ പൊലീസിന്റെ എമർജൻസി നമ്പരിൽ വിളിച്ച് ആവശ്യം പറഞ്ഞു. ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം ഉണ്ടായത്. കഞ്ചാവടിച്ച് ലഹരിയിലായ യുവാവ് പൊലീസിനെ സ്വയം വിളിച്ചുവരുത്തുകയായിരുന്നു. 24കാരനായ യുവാവ് എമർജൻസി നമ്പറിൽ വിളിച്ചതോടെ സ്ഥലം തിരിച്ചറിഞ്ഞ് പൊലീസ് സംഘമെത്തി.
വീട്ടിൽ പോകൻ പണമില്ല, തന്നെ വീട്ടിൽ കൊണ്ടുവിടാമോ എന്നായിരുന്നു പൊലീസിനോട് യുവാവിന്റെ ചോദ്യം. പൊലീസിന്റെ
ചോദ്യങ്ങൾക്ക് പരസ്‌പരബന്ധമില്ലാതെയാണ് യുവാവ് മറുപടി നൽകിയത്. ലഹരി എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു യുവാവിന്റെ മറുപടി. യുവാവിന്റെ പോക്കറ്റിൽനിന്നും കഞ്ചാവ് കണ്ടെത്തിയതോടെയാണ് പൊലീസിന് കാര്യങ്ങൾ വ്യക്തമാക്കിയത്.
തുടർന്ന് പൊലിസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കഞ്ചാവ് വലിക്കുന്ന ശീലം ചെറുപ്പം മുതലുണ്ടെന്നും കഞ്ചാവ് ലഹരിയല്ല എന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കഞ്ചാവ് ലഹരിയാണെന്ന് യുവാവ് സമ്മതിച്ചിരുന്നില്ല. പിന്നീട് യുവാവിനെ ജിപ്പിൽ കയറ്റി ബസ്റ്റോപ്പിൽ വിട്ട ശേഷം വീട്ടിൽ പോകാനാവശ്യമായ പണവും നൽകിയാണ് പൊലീസ് മടങ്ങിയത്. യുവാവ് പൊലീസുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.