തുമ്പി ഏബ്രഹാം|
Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (12:42 IST)
വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായവുകയും മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പ്രതികരണമവുമായി നടന്‍ ടൊവിനോ തോമസ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും താനുള്‍പ്പടെയുള്ള നാട്ടിലെ സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
ടോവിനോയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും .
ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !