അപർണ|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:02 IST)
ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾക്ക് ആരാധന നടത്താം എന്ന
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ദൈവത്തിനു മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കമൽ ഹാസന്റെ അഭിപ്രായത്തിൽ നിന്നും നേർ വിപരീതമാണ് നടി നവ്യ നായരുടെ പ്രതികരണം.
ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂ എന്നാണ് നവ്യ പ്രതികരിച്ചത്. ഞാന്‍ എന്റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ എന്നാണ് നവ്യാ നായര്‍ പ്രതികരിച്ചത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ദൈവത്തിനു മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശബരിമലയിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യണമെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം.
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.