അവിടെ പോയി പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇനി ‘അമ്മ’ എന്ന സംഘടനയോട് ഒരുകാരണവശാലും ചേര്‍ന്ന് പോകാനാകില്ല: റിമ കല്ലിങ്കൽ

പാർവതിയും റിമയും അമ്മ വിടുന്നു?

അപർണ| Last Modified ചൊവ്വ, 26 ജൂണ്‍ 2018 (08:31 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമർശിച്ച് വനിതാസംഘടന ഡബ്ല്യു സി സി രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് വഴിയായിരുന്നു ഇവർ ചോദ്യങ്ങൾ ഉന്നയിച്ചത്.

എന്നാൽ, അമ്മയിലെ യോഗത്തിനിടയിൽ എന്തുകൊണ്ട് ഈ ചോദ്യം ഉന്നയിച്ചില്ലെന്നതിന്റെ വ്യക്തമായ മറുപടി നൽകുകയാണ് നടി റിമ കല്ലിങ്കൽ. ഏറ്റവും ജനാധിപത്യമായ ഒരു പ്ലാറ്റ്ഫോമിൽ ആണ് ഞങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയത്, അത്ര ഓപ്പൺ ആയി ഞങ്ങൾൾ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്ന് റിമ പറയുന്നു.

അമ്മയിൽ ചോദിക്കേണ്ടുന്ന കാര്യം എന്തുകൊണ്ട് ഫേസ്ബുക്ക് ചോദിച്ചുവെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റിമ. റിപ്പോർട്ട‌ർ ചാനലിനോട് പ്രതികരിക്കുകയായിരുന്നു റിമ.

റിമയുടെ വാക്കുകൾ:

രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ഒരു കൊല്ലമാകുന്നു ഈ കാര്യത്തിൽ അമ്മയുമായി സംസാരിച്ച് തുടങ്ങിയിട്ട്. അതിന്റെ അവസാനമായി അമ്മ അവതരിപ്പിച്ച അമ്മ മഴവില്ല് എന്ന പരിപാടിയിൽ എന്ത് രീതിയിലാണ് അവരൊരു മറുപടി നൽകിയതെന്ന് എല്ലാവരും കണ്ടതാണ്.

ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വെച്ച് എന്ത് രീതിയിലാണ് നമ്മൾ ഉന്നയിക്കുന്ന ഒരു കാര്യത്തിന് അവർ മറുപടി നൽകുന്നതെന്ന് വ്യക്തമായതാണ്. ഞങ്ങളുടെ ആവശ്യങ്ങൾക്കെല്ലാം അത്രയേ അവർ വിലകൽപ്പിക്കുന്നുള്ളു. അത്തരത്തിൽ ഉള്ളപ്പോൾ ഇനിയും പോയി സംസാരിക്കുന്നതിനായി ഇരുന്ന് കൊടുക്കണമെന്ന് ജനങ്ങൾ പറയരുത്.

മീ ടൂ എന്ന ക്യാമ്പയിന്റെ ഭാഗമാകാന്‍ സാധിക്കുന്ന ഒരു സംഘടന സ്ത്രീ ശാക്തീകരണത്തിനെ ഇത്രയും കളിയാക്കിയ ഏറ്റവും സീനിയറായവര്‍ ഭാഗമായ ഒരു സ്‌കിറ്റാണ് സംഭവിച്ചത്. അത്രയും മ്ലേച്ഛമായ രീതിയിലാണ് അവർ കളിയാക്കിയത്. ഇനിയും അവരിൽ നിന്നും പക്വമായ ഒരു കാര്യമൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഇനിയുമൊരു ചര്‍ച്ച ആവശ്യപ്പെടരുത് ആരും.

അമ്മയിൽ പോയി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എങ്ങനെയാണ് അവർ ഞങ്ങളെ കാണുന്നതെന്ന് വ്യക്തമാണ്. ഇപ്പോള്‍ നടന്ന സംഭവത്തില്‍ അതായത് മൂന്ന് മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, ഏഴാം പ്രതിയായ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരാള്‍ ഇതിന്റെ ഭാഗമായി ഇരയും ഇവിടെയുണ്ടാകവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്പോള്‍ എല്ലാവരേയും ഇരയേയും ഉള്‍പ്പെടെ ബോധിപ്പിക്കേണ്ടതുണ്ട്.

അയാളെ തിരിച്ചെടുക്കവേ, എന്തിനാണ് ഞാനും പാർവതിയും രേവതിയും ആക്രമിക്കപ്പെട്ട നടിയും അമ്മയിൽ തുടരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അമ്മ വ്യക്തമാക്കാതെ അമ്മയിലേക്കില്ലെന്നാണ് കരുതുന്നത്. അല്ലാതെ അവിടെ തുടരേണ്ടതില്ല എന്നതാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :