ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ, എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു: മുഖ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 നവം‌ബര്‍ 2020 (08:03 IST)
ഇതിഹാസ ഫൂട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് വലിയ കൂട്ടം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇതിഹാസ താരത്തെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായത്.

'ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986ൽ അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് .

1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു.' മുഖ്യമന്ത്രി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :