വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 2 ജൂലൈ 2020 (08:31 IST)
ഡൽഹി: 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനീസ് സാമൂഹ്യ മാധ്യമം വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെയ്ബോയിലെ പ്രധാനമന്ത്രിയുടെ എല്ലാ ആക്ടിവിറ്റികളും നീക്കം ചെയ്ത ശേഷമാണ് അക്കൗണ്ട് ഒഴിവാക്കിയത്. മോദിയുടെ വെയ്ബോ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രവും 115 പോസ്റ്റുകളും, അതിലെ കമന്റുകളും ഉൾപ്പടെ നീക്കം ചെയ്തു.
ഒറ്റയടിയ്ക്ക് പ്രൊഫൈലിലെ ആക്ടിവിറ്റികൾ വെയ്ബോയിൽ നിക്കം ചെയ്യുക പ്രയാസമാണ്. അതിനാൽ പോസ്റ്റുകൾ ഓരോന്നായി ഡിലീറ്റ് ചെയ്യുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പമുള്ള 2 ചിത്രങ്ങൾ ആദ്യം നീക്കംചെയ്യാൻ സാധിച്ചിരുന്നില്ല. പീന്നിട് ഇതും ഒഴിവാക്കി. ട്വിറ്ററിന് പകരം ചൈനയിൽ പ്രചാരത്തിലുള്ള പ്രമുഖ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് വെയ്ബോ. 2015 മെയിൽ ചൈനീസ് സന്ദർശനത്തിന് മുൻപായാണ് നരേന്ദ്രമോദി വെയ്ബോയിൽ അക്കൗണ്ട് തുടങ്ങിയത്. 2.44 ലക്ഷം ഫൊളോവേഴ്സാണ് മോദിയ്ക്ക് വെയ്ബോയിൽ ഉണ്ടായിരുന്നത്.