പെട്ടിമുടിയിലും കരിപ്പൂരിലും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങൾ: രക്ഷാ പ്രവർത്തകരെ അഭിനന്ദിച്ച് മമ്മൂട്ടി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2020 (11:37 IST)
കൊച്ചി: ഇടുക്കി പൊട്ടിമുടിയിലും കരിപ്പൂർ വിമാന അപകടത്തിലും പേമാരിയെയും കൊവിഡിനെയും വകവയ്ക്കാതെ രക്ഷാ പ്രവർത്തനത്തിനിറങ്ങിയവരെ അഭിനന്ദിച്ച് മമ്മുട്ടി. പ്രളയവും മണ്ണിടിച്ചിലും വിമാന അപടകവും മെല്ലാമായി പരീക്ഷണങ്ങൾക്ക് കാഠിന്യമേറുന്ന കാലത്ത് പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോകുന്നില്ല എന്നത് ആശ്വാസം പകരുന്നു എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നിൽക്കുകയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എൽപിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം.

പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരമിച്ചു നിൽക്കാം സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം. മമ്മൂട്ടി ഫെയ്സ്‌ബുക്കിൽ കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :