എകെജിക്ക് ശേഷം കേരള ജനത നെഞ്ചിലേറ്റിയ നേതാവാണ് കുമ്മനമെന്ന് എം ടി രമേശ്

Last Modified ശനി, 9 മാര്‍ച്ച് 2019 (15:33 IST)
എ.കെ.ജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം.ടി രമേശ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം. കുമ്മനത്തിന്റെ വരവ് പാര്‍ട്ടിക്ക് ഉണര്‍വേകും. കോണ്‍ഗ്രസിന്റെ ശശി തരൂരിനെ കുമ്മനം തോല്‍പ്പിക്കാൻ കുമ്മനത്തിന് മാത്രമേ കഴിയൂ. - എം ടി രമേശ് പറഞ്ഞു.


മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.

സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് തോന്നിയെന്നും അങ്ങനെയാണ് രാജി തീരുമാനിച്ചതെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :