ഹനാനെ ഫെയ്മസ് ആക്കിയ അമലിനും ചിലതൊക്കെ പറയാനുണ്ട്!

ഹനാനെ വെറുതെ വിടുക: ഹനാന്റെ വാര്‍ത്ത എഴുതിയ മാതൃഭൂമി ലേഖകന്‍റെ പ്രതികരണം

അപർണ| Last Modified വെള്ളി, 27 ജൂലൈ 2018 (16:39 IST)
ഒരു ദിവസം കൊണ്ട് മലയാളികൾ തലയിലേറ്റുകയും അടുത്ത ദിവസം തള്ളി താഴെയിടുകയും അന്ന് തന്നെ വീണ്ടും വാഴ്ത്തുകയും ചെയ്ത പെൺകുട്ടിയാണ് ഹനാൻ. ഹനാന്‍ ഇന്ന് കേരളത്തില്‍ ചര്‍ച്ചാവിഷയം ആയതിന് പിന്നിൽ അമല്‍ കെ.ആര്‍. എന്ന മാതൃഭൂമി കൊച്ചി യൂണിറ്റിലെ മാധ്യമ പ്രവര്‍ത്തകനാണ്.

തന്റെ ഫെയ്‌സ്ബുക്കിലെ മോഹന്‍ലാലിനോട് ഒപ്പം നില്‍ക്കുന്ന ചിത്രം പോലും പലര്‍ക്കും കഥ ഉണ്ടാക്കാനുള്ള വിഷയമായി മാറിയെന്നും അപവാദങ്ങള്‍ പടച്ചു വിടുന്നവര്‍ ഇപ്പുറത്ത് നില്‍ക്കുന്ന മനുഷ്യരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നും അമല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാവിലെ 60 കി.മീ അകലെയുള്ള കോളേജില്‍ വൈകിട്ട് യൂണിഫോമില്‍ മീന്‍ വില്‍പ്പന' എന്ന തലക്കെട്ടോടെ 25-ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഞാന്‍ എഴുതിയ വാര്‍ത്ത വായിച്ച് അഭിനന്ദനം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

വാര്‍ത്തയുടെ പിതൃത്വം സ്വന്തമാക്കാന്‍ ചിലര്‍ കാണിച്ച തിടുക്കം ഒടുവില്‍ അവസാനിച്ചത് രാത്രിയോടെ. അതിനിടെ വാര്‍ത്ത പല തരത്തില്‍ വളച്ചൊടിച്ച് പലരും അവതരിപ്പിച്ചു. സൂര്യന് താഴെയുള്ള എന്ത് വിഷയത്തിലും അഭിപ്രായം പറയാന്‍ യോഗ്യത നേടിയ, സോഷ്യല്‍ മീഡിയ ആക്റ്റിടവിസ്റ്റ് പട്ടം നല്‍കി നമ്മള്‍ ആദരിച്ചുപോരുന്നവരും മറ്റും നല്ല രീതിയില്‍ അഭിപ്രായം പറഞ്ഞു.

പിന്നീട് എന്നെയും സിനിമ സംവിധായകന്‍ അരുണ്‍ ഗോപിയെയും ഹനാനിനെയും ചേര്‍ത്ത് പല കഥകള്‍. മോഹന്‍ലാല്‍ എന്ന നടന്റെ കൂടെയുള്ള ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോവരെ പലര്‍ക്കും കഥയുണ്ടാക്കാനുള്ള വിഷയമായി. ഇതിനിടെ എന്നെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി പോസ്റ്റുകള്‍. സിനിമക്കാരോട് പണം വാങ്ങി എന്ന് വരെ ആരോപണം. സിനിമ തീയേറ്ററില്‍ പോയി കാണാറുണ്ടെന്നല്ലാതെ എനിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല.

ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത ഞാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകട്ടെ എന്ന് കരുതിയാണ് നല്‍കിയത്. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ മറ്റുള്ളവര്‍ സഹായം നല്‍കണമെന്ന് അറിയിച്ച് നിരന്തരം വിളിക്കുകയായിരുന്നു. സിനിമയിലെ വേഷം നല്‍കിയതും നായികയാക്കിയതുമൊന്നും ഞാനല്ല. ഈ വാര്‍ത്തകള്‍ പുറത്തുവിട്ടതും ഞാനല്ല.

ഞാന്‍ കണ്ട വാര്‍ത്തയാണ് ചെയ്തത്. അതില്‍ ഞാന്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു. അതാണ് എന്റെ പണി. അതിന്റെ പിന്നാമ്പുറങ്ങളില്‍ ഇറങ്ങി പോയി മുന്നാധാരം എടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആ പണി തുടരുക. ബുധനാഴ്ച മുതല്‍ എനിക്കെതിരെ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഈ സമയം എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി.

സൈബര്‍ ആക്രമണങ്ങളില്‍ എനിക്ക് ധൈര്യം തന്ന മാതൃഭൂമി പത്രത്തിനോടും പത്ര സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരോടും മാനേജ്‌മെന്റിനോടും നന്ദി. മറ്റു പത്രങ്ങളില്‍ നിന്നുള്ള സുഹൃത്തുകള്‍ക്കും എന്റെ മറ്റു സുഹൃത്തുകള്‍ക്കും ട്രോളന്മാര്‍ക്കും സന്തോഷം അറിയിക്കുന്നു. ഹാനാനിന് പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും, വി.എസ്. അച്യുതാനന്ദനും നന്ദി.

സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കാം, എന്തും എഴുതാം, എന്ത് തെറി വിളികള്‍ വേണമെങ്കില്‍ വിളിക്കുകയും ചെയ്യാം. അവ പിന്നീട് പിന്‍വലിക്കാം, മറ്റു ചിലര്‍ക്ക് മാറ്റി പറയാം, ക്ഷമയും ചോദിക്കാം. പക്ഷേ ഒന്നോര്‍ക്കണം, ആ സമയം എതിരെ നില്‍ക്കുന്നവനും അവന്റെ കുടുംബവും അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍. അത് അനുഭവിക്കുമ്പോള്‍ മാത്രമേ അതിന്റെ തീവ്രത തിരിച്ചറിയാന്‍ സാധിക്കൂ.

സമൂഹമാധ്യമങ്ങളിൽ കൂടി ഒരു വിഷയത്തോടും പ്രതികരിക്കാത്ത ആളാണ് ഞാൻ. ഇന്ന് വിശദീകരണം നൽകിയത് ഇന്നലെ രാവിലെ മുതല്‍ വിമര്‍ശനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നല്‍കൂ എന്ന് പല സുഹൃത്തുക്കളും പറഞ്ഞതിനെ തുടർന്നാണ്. പത്രത്തിലൂടെ വന്ന വാര്‍ത്തയ്ക്ക് പത്രത്തിലൂടെ തന്നെ മറുപടി പറയുന്നതാണ് ഉചിതം. ശേഷം സമൂഹമാധ്യമത്തിൽ കൂടി മറുപടി പറഞ്ഞാൽ മതി എന്ന് പലരും നിർദേശിച്ചു. അതാണ് ഇപ്പോൾ വിശദീകരിക്കുന്നത്. സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്ക് ഒരുപാട് പേർ ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങൾ കാണാത്ത പല വാർത്തകളും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അതിനിയും തുടരട്ടെ.

സോഷ്യല്‍ മീഡിയ പോലെ അല്ല ഒരു പത്രം, ഒരു വാര്‍ത്ത പത്രത്തില്‍ അടിച്ച് വന്നാല്‍ അത് പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല. അതിനാല്‍ വിശ്വാസീയമായ കാര്യങ്ങളാണ് ഞാന്‍ എഴുതുക. അതു തുടരുക തന്നെ ചെയ്യും.. ഒരു കാര്യം കൂടി ഹനാനെ ഇനി ഉപദ്രവിക്കരുത്...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :