വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (19:21 IST)
ലക്നൗ: വലിയ നേതാവായിട്ടൊന്നും കാര്യമില്ല. ബില്ലടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും. വൈദ്യുതി ബില്ല് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്‌പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി യുപി ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ. മായാവതിയുടെ ഗ്രേറ്റർ നോയിഡയിലെ ബദൽപൂരിലുള്ള വീട്ടിലെ വൈദ്യുതി ബന്ധമാണ് ഉദ്യോഗസ്ഥർ വിച്ഛേദിച്ചത്.
ഉടൻ തന്നെ തുക അടച്ചതോടെ വൈദ്യുതി പുനഃസ്ഥാപിയ്ക്കുകയും ചെയ്തു. ബിൽ തുകയായ 67,000 രൂപ കൃത്യ സമയത്ത് അടയ്ക്കാതെ കുടിശിക വരുത്തിയതോടെയാണ് ഉദ്യോഗസ്ഥർ വീട്ടിലെ ഫ്യുസ് ഊരിയത്. മായാവതിയുടെ ബന്ധുക്കൾ 50,000 രൂപ ഉടൻ തന്നെ നൽകിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിയ്ക്കുകയായിരുന്നു.
ഇത് ഒരു സാധാരണ നടപടി മാത്രമാണെന്നും. നടപടിയിൽ രാഷ്ട്രീയമില്ലെന്നുമാണ് ഇലകട്രിസിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. വലിയ തുക കുടീശിക വരുത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. പണം അടച്ചതോടെ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കുകയും ചെയ്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.