കൂറ്റൻ തിമിംഗല സ്രാവിന്റെ ശരീരത്തിൽ മുറുകി കിടന്ന വടം അറുത്തുമാറ്റി മുങ്ങൽ വിദഗ്ധർ, വീഡിയോ !
വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (16:15 IST)
വലിയ വടം ശരീരത്തിൽ മുറുകി ബുദ്ധിമുട്ടുകയായിരുന്ന കൂറ്റൻ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി മുങ്ങൽ വിദഗ്ധർ, മാൽദീവ്സിലാണ് സംഭവം ഉണ്ടായത്. തിമിംഗല സ്രാവിനെ വടത്തിൽ നിന്നും മോചിപ്പിയ്ക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും, അന്റോണിയോ ഡി ഫ്രാങ്കോയും ചേർന്നാണ് തിമിംഗല സ്രാവിനെ മോചിപ്പിച്ചത്.
ഡൈവിങ്ങിനായി വിനോദ സഞ്ചാരികളുമായി അഴക്കടലിലേയ്ക്ക് ബോട്ടിൽ സഞ്ചരിയ്ക്കുന്നതിനിടെയാണ് ശരീരത്തിൽ വടം കുടുങ്ങിയ നിലയിൽ തിമിംഗല സ്രാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ സൈമണും അന്റോണിയോയും കടലിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. തിമിംഗല സ്രാവ് വളരെ വേഗത്തിൽ നീങ്ങിയിരുന്നതിനാൽ ഏറെ ശ്രമപ്പെട്ടാണ് വടം മുറിച്ചുമാറ്റിയത്.
വടം മുറുകിയതിന്റെ പാട് തിമിംഗല സ്രാവിന്റെ ശരീരത്തിൽ കാണാമായിരുന്നു. കയറിൽനിന്നും സ്വതന്ത്രമായതോടെ ഒരു നിമിഷം സ്രാവ് അനങ്ങാതെ നിന്നു എന്ന് ഇവർ പറയുന്നു. പിന്നീട് ആഴങ്ങളിലേയ്ക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ നന്ദി പറയാനെന്നോണം തിമിംഗല സ്രാവ് വീണ്ടും മുകളിലെത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമയ നിമഷമായിരുന്നു അത് എന്ന് സൈമണും, അന്റോണിയോയും പറയുന്നു