രേണുക വേണു|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:03 IST)
ചിമ്പാന്‍സിയുമായി 'അസാധാരണ' ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് മൃഗശാലയില്‍ വിലക്ക് ഏര്‍പ്പെടുത്തി അധികൃതര്‍. ബെല്‍ജിയത്തിലെ മൃഗശാലയിലുള്ള ചിമ്പാന്സിയെ കാണാനാണ് യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താനും ചിമ്പാന്‍സിയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതരുടെ നടപടി.
ആദി ടിമ്മര്‍മാന്‍സ് ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാലയിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. മൃഗശാലയില്‍ ചീറ്റ എന്ന് പേരുള്ള ചിമ്പാന്‍സിയുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ആദി ടിമ്മര്‍മാന്‍സ് എന്ന യുവതി ചീറ്റയെ കാണാന്‍ മൃഗശാലയില്‍ എത്താറുണ്ട്. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും യുവതി മൃഗശാലയില്‍ എത്തും.
ആണ് ചിമ്പാന്‍സിയുടെ കൂടിന് അരികില്‍ കൂടുതല്‍ സമയം യുവതി ചെലവഴിക്കാറുണ്ട്. ചില്ല് കൂട്ടിലാണ് ചിമ്പാന്‍സി കിടക്കുന്നത്. ചില്ല് കൂടിന് അടുത്ത് നിന്ന് യുവതി ചിമ്പാന്സിയെ നോക്കി കൈ കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ചിമ്പാന്‍സി തിരിച്ചും സ്നേഹപ്രകടനം നടത്തും. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. യുവതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിമ്പാന്സിയെ മറ്റ് ചിമ്പാന്‍സികള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ തുടങ്ങിയതായും മൃഗശാല അധികൃതര്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് യുവതിയെ മൃഗശാലയിലെ ചീറ്റ എന്ന ചിമ്പാന്സിയെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയത്.
'ഞാന്‍ ആ ചിമ്പാന്സിയെ വളരെ അധികം സ്നേഹിക്കുന്നു. അവന് എന്നെയും സ്നേഹിക്കുന്നു. അതില്‍ കൂടുതല്‍ യാതൊരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല. എന്തുകൊണ്ടാണ് അവര്‍ എന്നെ വിലക്കുന്നത്? ഞാനും ചിമ്പാന്‍സിയും തമ്മില്‍ പ്രത്യേക ബന്ധമുണ്ട്. മറ്റ് സന്ദര്‍ശകര്‍ക്കെല്ലാം അവനെ കാണാന്‍ പറ്റും. എന്തുകൊണ്ട് എനിക്ക് മാത്രം അനുമതിയില്ല?' ഒരു പ്രാദേശിക ചാനലിനോട് യുവതി പ്രതികരിച്ചു.