അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 5 മെയ് 2020 (14:54 IST)
ഏറെ കാലത്തെ ലോക്ക്ഡൗണിന് ശേഷം ഇന്നലെയായിരുന്നു ലോക്ക്ഡൗണിൽ അൽപം ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുനിരത്തുകളിൽ ഇറങ്ങുന്നതിനും മദ്യം വാങ്ങുന്നതിനുമെല്ലാം അനുവാദം നൽകുന്ന തരത്തിലായിരുന്നു ഇളവുകൾ. എന്നാൽ ഇന്നലെ ഈ അവസരം പ്രയോജനപ്പെടുത്തി ബെംഗളൂരുവിൽ നിന്ന് 52,841 രൂപയ്‌ക്ക് മദ്യം വാങ്ങിയ ആളാണ് ഇപ്പോൾ കുരുക്കിലായിരിക്കുന്നത്. മദ്യം വാങ്ങിയ അമിതാവേശത്തിൽ
ബിൽ ഇയാൾ വാട്‌സാപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതാണിപ്പോൾ കുരുക്കായിരിക്കുന്നത്. സംഭവത്തിൽ കർണാടക എക്‌സൈസ് വകുപ്പ് പരിധിയിൽ കൂടുതൽ മദ്യം വിറ്റതിന് വിൽപ്പനശാലയ്ക്കും വാങ്ങിയയാൾക്കുമെതിരെ കേസെടുത്തു.
ചില്ലറ വിൽപ്പനശാലകളിൽ പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലിറ്ററിൽ കൂടുതൽ വിദേശമദ്യമോ 18 ലീറ്ററിൽ കുടുതൽ ബീയറോ വിൽക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചതിനെതിരെയാണ് കേസ്.ബിൽ പ്രകാരം 13.5 ലീറ്റർ വിദേശമദ്യവും 35 ലീറ്റർ ബിയറുമാണ് ഇയാൾ വാങ്ങിയത്. എന്നാൽ ഒറ്റ ബില്ലാണെങ്കിലും എട്ടുപേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നാണ് ഉടമയുടെ വാദം.ബാങ്കിന്റെ ഒറ്റ കാർഡിലൂടെ വിൽപന നടത്തിയതിനാലാണ് ഒറ്റ ബിൽ നൽകേണ്ടിവന്നതെന്നാണ് വിശദീകരണം..ഇതിൽ അന്വേഷണം നടത്തിയ ശേഷമായിരിക്കും നടപടി. അതേസമയം കൂടുതൽ മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട സമാനമായ സംഭവങ്ങൾ വേറെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.