അപർണ|
Last Modified ഞായര്‍, 1 ജൂലൈ 2018 (14:46 IST)
ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രതികളാകുന്ന ലൈംഗിക അതിക്രമ പരാതികള്‍ വര്‍ധിക്കുന്നതില്‍ പുരോഹിതരെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. പൗരോഹിത്യ വന്ധ്യംകരണമെന്ന തന്റെ തന്നെ മുൻ നിലപാട് പ്രാധാന്യമർഹിക്കുന്നുവെന്ന് താരം പറയുന്നു.
ജോയി മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പൗരോഹിത്യ വന്ധ്യംകരണം സാധ്യതയും തെറ്റിധാരണയും
കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ഒരു ക്രിസ്ത്യന്‍ വികാരി (പുരോഹിതന്‍ എന്ന അര്‍ത്ഥത്തില്‍ അല്ല ,വികാരങ്ങള്‍ ഉള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ഇവിടെ വികാരി എന്ന പ്രയോഗം )പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയും അതില്‍ ജനിച്ച കുഞ്ഞിനെ പെണ്‍കുട്ടിയുടെ സ്വന്തം പിതാവിന് പണം കൊടുത്ത് പിതൃത്വം ഏറ്റെടുപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഉദ്ദേശം രണ്ടു വര്‍ഷമായിക്കാണും. പ്രസ്തുത വിഷയം പുരോഗമന കേരളം (ചിരി വരുത്തരുത് പ്ലീസ് ) കുറച്ച് ദിവസം ചര്‍ച്ച ചെയ്തതുമാണ് .
ആ അവസരത്തില്‍ ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതില്‍ നാണക്കേടുണ്ടെന്നും പള്ളി വികാരിമാര്‍ ഒന്നുകില്‍ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുകയോ അല്ലെങ്കില്‍ വന്ധ്യംകരിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ഞാന്‍ എഴുതിയിരുന്നു. വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികള്‍(!) എന്ന് പറയുന്ന വര്‍ഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തു.
വന്ധ്യംകരിക്കുക എന്ന് വെച്ചാല്‍ ലിംഗം മുറിച്ചുകളയുകയാണ് എന്ന് വിവരദോഷികളായ ചിലര്‍ പ്രചരിപ്പിക്കുക വരെയുണ്ടായി ,
മൃഷ്ടാന്ന ഭോജനവും നല്ല മുന്തിയ വൈനും താമസിക്കാന്‍ കൊട്ടാരങ്ങളും സഞ്ചരിക്കാന്‍ ആഡംബരകാറും കൂടി ആകുബോള്‍ സ്വാഭാവികമായും ലൈംഗികതൃഷ്ണ ഉണരും (ഇത് ജൈവപരമായ ഒന്നാണ് ,ഇതിനെ അതിജീവിക്കുന്നവരും ശരിയായ പൗരോഹിത്യം ആചരിക്കുന്നവരും ഇല്ലെന്നു ഞാന്‍ പറയുന്നില്ല,അവരോടെനിക്ക് ബഹുമാനവുമുണ്ട് )അതിനെ പിടിച്ചുകെട്ടുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം സൃഷ്ടിക്കും,അതുകൊണ്ട് ലൈംഗികസുഖം ആവശ്യമുള്ളവര്‍ അതായിക്കൊള്ളട്ടെ ,അതില്‍ ഒരു തെറ്റുമില്ല .
അല്ലാതെ ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അവരെ ഏതെങ്കിലും അനാഥാലയത്തില്‍ നിക്ഷേപിക്കുകയും സമൂഹത്തില്‍ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യംകരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗം ഞാന്‍ നിര്‍ദ്ദേശിച്ചത് .
എന്റെ അഭിപ്രായം ക്രിസ്ത്യാനി സമൂഹത്തില്‍ വലിയ ചര്‍ച്ചയായതില്‍ ഞാന്‍ സന്തോഷിക്കുന്നു. കത്തോലിക്കാ സഭയിലെ ഒരു ശുദ്ധാത്മാവായ പുരോഹിതന്‍ എനിക്ക് ദീര്‍ഘമായ മറുപടി എഴുതി. യൂത്ത് വിഭാഗത്തിലെ ഒരു കത്തോലിക്കാ യൂത്തന്‍ വക്കീല്‍ എനിക്ക് വക്കീല്‍ നോട്ടീസും അയക്കുകയുണ്ടായി. രണ്ടും രസകരമായിരുന്നു .
ഇതിനൊക്കെ പുറമെ ന്യൂസിലാന്റില്‍ നിന്നും നഴ്സിന്റെ ഭര്‍ത്താവുദ്യോഗം വഹിക്കുന്ന ഒരു സഭാ വിശ്വാസി ഞാന്‍ അവിടെയെങ്ങാനും ചെന്നാല്‍ എന്നെ വെടിവെച്ച് കൊല്ലുമെന്ന് എനിക്ക് മെസ്സേജ് അയച്ചു ,അതില്‍പ്പിന്നെ ഞാന്‍ ആവഴിക്കു പോയിട്ടില്ല (കാരണം ഞാന്‍ സ്ഥിരമായി ചായകുടിക്കാന്‍ പോകുന്ന രാജ്യമാണല്ലോ ന്യൂസിലാന്റ് ) ആസ്ത്രേലിയയില്‍ ഒരു പരിപാടിയില്‍ പങ്കെടുവാന്‍ ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്ന ചിലര്‍ ഞാന്‍ സഭയെ അവഹേളിച്ച ആളായതിനാല്‍ പരിപാടി ക്യാന്‍സല്‍ ചെയ്തു.( ഹോ ഞാനാകെ തകര്‍ന്നുപോയി)
എന്റെ അഭിപ്രായം അറിഞ്ഞിട്ടാണോ എന്നറിയില്ല വത്തിക്കാനില്‍ നിന്നും സാക്ഷാല്‍ പോപ്പിന്റെ പ്രഖ്യാപനം വന്നു. പുരോഹിതര്‍ക്ക് വിവാഹാം കഴിക്കാം എന്ന്. അതും ഇവിടത്തെ സഭകള്‍ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാന്‍. പരിണിത ഫലമോ കുമ്പസാരത്തിനു പോയ വീട്ടമ്മയായ ഭാര്യയെ നാല് വികാരിമാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന ഭര്‍ത്താവിന്റെതന്നെ പരാതി ജനം മുഴുവന്‍ കേട്ടു. അതിന്റെ ചൂടാറും മുമ്പേ ഇതാ വന്നിരിക്കുന്നു പുതിയ വിശേഷം. ഒരു ബിഷപ്പ് പലപ്രാവശ്യം തന്നെ ബലാല്‍സംഗം ചെയ്തെന്നും ലൈംഗീക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും ഒരു പാവം കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നു. ഇനിയും പറയപ്പെടാത്ത അനേകം കന്യാസ്ത്രീ കഥകള്‍ക്കായി ജനം കാതോര്‍ത്തിരിക്കുന്ന വേളയില്‍ പറയൂ ഞാന്‍ പറഞ്ഞത് തെറ്റാണോ?