നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (14:05 IST)
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതുപോലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെറിയ കണ്ടെയ്ന്‍മെന്റുകളാക്കി തിരിച്ചായിരിക്കും നിയന്ത്രണം. നിയന്ത്രണങ്ങള്‍ പ്രാദേശികമായി തുടരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതായത് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അധികാരമുണ്ട്.
ഡല്‍ഹിയില്‍ അടുത്ത ആറ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം പരിശോധിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധിക്കും. എന്നാല്‍, കേരളത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിലപാട്. പ്രാദേശിക ലോക്ക്ഡൗണ്‍ കേരളത്തില്‍ തുടരും.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിക്കുകയാണ്. ഇന്നലെ മാത്രം 18,257 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനമാണ്. കേരളത്തില്‍ 93,686 പേര്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ആരെ മരണസംഖ്യ 5,000 ത്തിലേക്ക് അടുക്കുന്നു.