ശരീര താപത്തില്‍ നിന്ന് ഊര്‍ജ്ജം

PTIPTI
ഏത് സംവിധാനവും പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം വേണം. വൈദ്യുതി, സൌരോര്‍ജ്ജം തുടങ്ങി പല തരം ഊര്‍ജ്ജം യന്ത്രസംവിധാനങ്ങളും മറ്റും പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്നു. ഊര്‍ജ്ജ ലഭ്യത കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തില്‍ ഊര്‍ജ്ജത്തിനായി പല മാര്‍ഗ്ഗങ്ങളും മനുഷ്യന്‍ അവലംബിക്കുന്നു.

സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വേണം ഊര്‍ജ്ജം. ബാറ്ററി ഇല്ലാത്ത സെല്‍‌ഫോണിനെ കുറിച്ച് ചിന്തിക്കാന്‍ ആകുമോ? എന്നാല്‍, അതിശയിക്കേണ്ട. ശരീരത്തിലെ താപത്തില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സര്‍ക്യൂട്ടുകള്‍ ജര്‍മ്മനിയിലെ ഒരു സംഘം ഗവെഷകര്‍ വികസിപ്പിച്ചെടുത്തു.ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സെല്‍‌ഫോണ്‍ വിദൂര സാദ്ധ്യത അല്ലെന്ന് അര്‍ത്ഥം.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഒരു രോഗിയുടെ ശരീരത്തില്‍ നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കും. ഇവ ഹൃദയമിടിപ്പ് രേഖപ്പെടുത്താനും രക്ത സമ്മര്‍ദ്ദം അളക്കാനും നാഡിമിടിപ്പ് രേഖപ്പെടുത്താനും ഉപയോഗിക്കുന്നു.ഇവ പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്.

ഭാവിയില്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ശരീര താപത്തില്‍ നിന്ന് സംഭരിക്കാന്‍ കഴിയുമെന്നാണ് ജര്‍മ്മന്‍ ഗവേഷകര്‍ പറയുന്നത്. ഉപകരണങ്ങള്‍ കണ്ടെത്തുന്ന വിവരം റേഡിയോ സിഗ്നല്‍ വഴി കേന്ദ്ര മോണിറ്ററിംഗ് സ്റ്റേഷനിലേക്ക് അയയ്ക്കാനാകും.

തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ തത്വമനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുക.ചൂടും തണുപ്പുമുള്ള പരിതസ്ഥിതിയിലുള്ള വ്യത്യാസത്തില്‍ നിന്നാണ് വൈദ്യുതി സംഭരിക്കുന്നത്.സാധാരണയായി നിരവധി ഡിഗ്രിയുടെ വ്യത്യാസത്തിലുള്ള താപം ഉണ്ടെങ്കിലേ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം ലഭിക്കുകയുള്ളൂ.

എന്നാല്‍, ശരീര താപവും പരിസ്ഥിതിയിലെ താപവും തമ്മില്‍ വലിയ വ്യത്യാസം കാണാറില്ല. സാധാരണയായി 200 മില്ലിവോള്‍ട്സ് വൈദ്യുതി മാത്രമെ ഇങ്ങനെ ശരീരത്തില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ.എന്നാല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സാധാരണ രണ്ട് വോള്‍ട്ടെങ്കിലും വേണം.

ഇതിനായി ശാസ്ത്രജ്ഞര്‍ വിവിധ ഘടകങ്ങള്‍ കൂട്ടിയിണക്കി 200 മില്ലിവോള്‍ട്ടിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചെടുത്തു. ഇവ ഇനിയും നവീകരിക്കാനുള്ള തയാറെടുപ്പിലാണ് ശാസ്ത്രജ്ഞര്‍.അമ്പത് മില്ലിവോള്‍ട്ടിലും പ്രവര്‍ത്തിക്കുന്ന സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :