വിജയം തുടര്‍ന്ന് ചാമ്പ്യന്‍‌മാര്‍

നോട്ടിംഗ്‌ഹാം| WEBDUNIA|
അയര്‍ലന്‍ഡിന്‍റെ അട്ടിമറി പ്രതീക്ഷകള്‍ പന്ത് കൊണ്ട് സഹീര്‍ ഖാനും ബാറ്റ് കൊണ്ട് രോഹിത് ശര്‍മയും ചേര്‍ന്ന് അടിച്ചു തകര്‍ത്തപ്പോള്‍ ഗ്രൂപ്പിലെ അപ്രധാനമായ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ ഉജ്ജ്വല ജയം. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 113 റണ്‍സിന്‍റെ വിജയലക്‍ഷ്യം 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഗംഭീറിന്‍റെയും(37) നായകന്‍ ധോണിയുടെയും(14) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

45 പന്തില്‍ 52 റണ്‍സുമായി രോഹിത്‌ ശര്‍മയും യുവരാജ് സിംഗും(4) പുറത്താകാതെ നിന്നു. മൂന്ന്‌ ഓവറില്‍ 19 റണ്‍സിനു നാലു വിക്കറ്റ്‌ വീഴ്ത്തിയ സഹീര്‍ഖാന്‍ ആണു മാന്‍ ഓഫ്‌ ദ്‌ മാച്ച്‌. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ അയര്‍ലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സ് പകുതി പിന്നിട്ടപ്പോള്‍ അയര്‍ലന്‍ഡ്‌ നാലിനു 43 എന്ന നിലയിലായിരുന്നു. 25 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സറും അടക്കം 29 റണ്‍സ്‌ നേടിയ ആന്‍ഡ്രൂ വൈറ്റ്‌ മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ പിടിച്ചു നിന്നത്.

സി ഗ്രൂപ്പില്‍നിന്നു സൂപ്പര്‍ എട്ടില്‍ എത്തിക്കഴിഞ്ഞവരുടെ മറ്റൊരു മല്‍സരത്തില്‍ ലങ്ക 15 റണ്‍സിന് വിന്‍ഡീസിനെ കീഴടക്കി. ഓ‍പ്പണിങ്‌ മികവില്‍ ശ്രീലങ്ക നേടിയ കൂറ്റന്‍ സ്കോറായ 192ന്‌ ഏറെ അരികിലെത്തി വിന്‍ഡീസ്‌ മല്‍സരത്തിന്റെ വീര്യം കാത്തു. സ്കോര്‍ ശ്രീലങ്ക 192/5, വെസ്റ്റിന്‍ഡീസ് 177/5. 47 പന്തില്‍ 81 റണ്‍സ്‌ നേടിയ ജയസൂര്യയ്ക്കൊപ്പം അത്രതന്നെ പന്തില്‍ 74 റണ്‍സുമായി ദില്‍ഷനും മികവു കാട്ടി. ജയസൂര്യയാണു മാന്‍ ഓ‍ഫ്‌ ദ്‌ മാച്ച്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :