കുഞ്ഞനുറുമ്പിന് ഒരു സമാധാനവുമില്ല. മകള്‍ മാളു പ്രായമായി പുര നിറഞ്ഞ് നില്ക്കുന്നു. എല്ലാം തികഞ്ഞ മിടുമിടുക്കന്‍ ഉറുമ്പിനെ മകള്‍ക്കായി എവിടെയെല്ലാം തിരഞ്ഞു. അവളുടെ പ്രായമുള്ള ഉറുമ്പിന് കുഞ്ഞുങ്ങളൊക്കെ വിവാഹിതരായി കുഞ്ഞുങ്ങളുമൊത്ത് സസുഖം കഴിയുന്നു.
മാളുവിനാകട്ടെ പഴയ മിണ്ടാട്ടവുമില്ല. അവളുടെ പ്രസരിപ്പും കളിയും ചിരിയുമൊക്കെ എങ്ങോ പോയി മറഞ്ഞു. അവിവാഹിതയായി നില്ക്കുന്ന മകളുടെ വേദന കുഞ്ഞനു മനസിലാവുന്നുണ്ട്. ഒക്കെ ആലോചിച്ച് കിടന്നിട്ട് ഉറക്കവുമില്ല. എല്ലാം ശരിയാവുമെന്ന് ഭാര്യ കാലിയ ആശ്വസിപ്പിക്കും. നാളും പൊരുത്തവുമൊക്കെ ചേര്‍ന്ന ധീരന്മാരായ കുറെ ഉറുമ്പു യുവാക്കള്‍ മകളെ കാണാന്‍ വന്നതാണ്. നിറമില്ല, പൊക്കമില്ല, ആണത്തമില്ല, സ്ഥിര ജോലിയില്ല എന്നൊക്കെ മാളു കുറവുകള്‍ കണ്ടെത്തി. അവള്‍ക്കു പിടിച്ച കട്ടുറുമ്പ് പയ്യന് മിടുക്കനായിരുന്നു. വൈകുന്നേരം കൂട്ടുകാരുമായി ചെറിയ കളം വയ്ക്കുമെന്ന കുഴപ്പമേ ഉള്ളൂ. ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത ഉറുമ്പുകളുണ്ടോ? പക്ഷെ അവന്റെ അപ്പന് താലന് ചോദിച്ച സ്ത്രീധനം കൊടുക്കാനുള്ള പാങ്ങ് കുഞ്ഞനില്ലായിരുന്നു. ഇനിയിപ്പോ ഒന്നും നോക്കാനില്ല. ഗ്രഹനില ശരിയാവുന്നതും നോക്കിയിരുന്നാല്‍ പെണ്ണ് വേലി ചാടി പോയെന്നു വരും. ചെറുക്കന് നല്ല പണി വേണമെന്നും ഇനി ശാഠ്യമില്ല. പണി കല്യാണം കഴിഞ്ഞാണേലും കിട്ടുമല്ലോ.
കാലിയ ഭര്‍ത്താവിന്റെ കാല് തടവി ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഭൂമി പിളരുന്ന ശബ്ദം. കുഞ്ഞന്റെ കാല് തള്ളി മാറ്റി കാലിയ കട്ടിലിനടിയിലേയ്ക്ക് ഓടിക്കയറി. ഭാര്യയുടെ കുണ്ടി കുലുക്കിയുള്ള ഓട്ടം കണ്ട് കുഞ്ഞനു ചിരി വന്നു. '' എന്റെ മുത്തേ, നീയിങ്ങു വാ... മുതലാളിയുടെ കൊച്ചുമക്കള്‍ അവധിക്കാലം കൊഴുപ്പിക്കാന്‍ എത്തിയിട്ടുണ്ട്. ഇനി കുറച്ചു കാലം നോക്കീം കണ്ടു മൊക്കെ വേണം വീടിനു പുറത്തിറങ്ങാന്‍"". '' നിങ്ങള്‍ തോന്ന്യാസം പറയാതെ...അവരൊക്കെ നല്ല പിള്ളേരാ... പട്ടണത്തില്‍ പഠിച്ചുവെന്നു വച്ച് അവരൊന്നും പിഴച്ചു പോവത്തില്ല... നമ്മളോടൊക്കെ ഇപ്പോഴും നല്ല ബഹുമാനമാ...""
താന്‍ പറഞ്ഞത് ഭാര്യ തെറ്റിദ്ധരിച്ചെന്ന് കുഞ്ഞന്‍ മനസിലായി. ''എടീ, അവര്‍ നിന്നെ കേറി പിടിക്കുമെന്നല്ല ഞാന്‍ പറഞ്ഞത്...പിള്ളേരുടെ കൈയില്‍ നിന്ന് വീഴുന്ന ബിസ്കറ്റിന്റെ തരി പെറുക്കാന്‍ പോയി നടുവിന് ചവിട്ടു മേടിക്കരുതെന്നാ ഞാന്‍ ഉദ്ദേശിച്ചത്..."" ഭര്‍ത്താവിന്റെ മറുപടി കേട്ട് കാലിയ ചൂളി. വെറുതെ വേണ്ടാത്തത് ഓര്‍ത്തെന്നല്ലേ കുഞ്ഞന്‍ കരുതൂ...പുറത്ത് യുദ്ധം നടക്കുകയാണോ? ഈ പിള്ളേര്‍ക്ക് ഉറക്കോമില്ലേ. എല്ലാത്തിനേം മയക്കു വെടി വച്ച് ഉറക്കണം. മകള്‍ പ്രായമായി നിക്കുകയാ. അതിനിടെ ഇങ്ങനെ കൂടി മനസമാധാനമില്ലാതെ വന്നാല്‍. പരിഭവം പറഞ്ഞ് കാലിയ ഭര്‍ത്താവിന്റെ മാറില്‍ തല ചായ്ച്ചു.