‘സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ നിക്ഷേപം ത്വരിതപ്പെടുത്തണം’

ന്യൂഡല്‍ഹി| Last Updated: വെള്ളി, 9 മെയ് 2014 (12:21 IST)
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ ആഭ്യന്തര-വിദേശ നിക്ഷേപം ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം 1.33 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയര്‍ന്നതോതിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ മൂലധന നിക്ഷേപം അനിവാര്യമാണ്. 1.25 ലക്ഷം കോടിയായിരിക്കുമെന്ന് പ്രതീക്ഷിച്ച 23 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപ പദ്ധതികള്‍ 1.33 ലക്ഷം കോടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപയായിരുന്ന ബാങ്കുകളുടെ മൂലധന ആവശ്യം ഇത്തവണ 45,528 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. ഇടക്കാല ബജറ്റില്‍ 11,200 കോടി രൂപയുടെ മൂലധനനിക്ഷേപം പൊതുമേഖലാ ബാങ്കുകളിലേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപം 2700 കോടി ഡോളര്‍ കവിയുമെന്നും ചിദംബരം പറഞ്ഞു. 2012-13ല്‍ ഇത് 2695 കോടി ഡോളറായിരുന്നു. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ -ഫെബ്രുവരി കാലയളവില്‍ ഇത് 2690 കോടിയായിട്ടുണ്ട്. പണപ്പെരുപ്പത്തെ പ്രധാനമായും സ്വാധീനിക്കുന്നത് ഭക്ഷ്യവസ്തുക്കളാണെന്നും പൊതുവിപണിയില്‍ ഭക്‌ഷ്യധാന്യങ്ങള്‍ വിറ്റഴിക്കുന്നത് വിലപ്പെരുപ്പം താഴാന്‍ സഹായിക്കുമെന്നും ചിദംബരം പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുമ്പോള്‍ തന്നെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും റിസര്‍വ് ബാങ്ക് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 20,000 കോടി രൂപയുടെ നികുതി തര്‍ക്കം സംബന്ധിച്ച് ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണിന്‍െറ അന്താരാഷ്ട്ര തര്‍ക്കപരിഹാര നോട്ടീസുകളെ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രതിരോധിക്കും. രൂപ ഡോളറിനെതിരെ 60 നിലവാരത്തില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :