സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ അടുത്തയാഴ്ച സേവനം തുടങ്ങുന്ന 'ഷീ ടാക്സി'യുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യര്‍ എത്തുന്നു.
ഈ മാസം 19 ന് തലസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന 'ഷീ ടാക്സി' യുടെ ഗുഡ്‌വില്‍ അംബാസഡറായി ചലച്ചിത്രതാരം മഞ്ജു വാര്യര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്
വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകളാണ് 'ഷീ ടാക്സി'. ഈ പദ്ധതിയെപ്പറ്റി വാര്‍ത്താ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മഞ്ജു പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.
ഒറ്റയ്‌ക്കോ കുടുംബസമേതമോ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വനിതകൾക്ക് ടോൾഫ്രീ നമ്പര്‍ വഴി ഉപഭോക്തൃ സേവന വിഭാഗത്തില്‍ ബന്ധപ്പെടാം. അവിടെനിന്നും ഒരു തിരിച്ചറിയല്‍ നമ്പറും യാത്ര പോകാനുള്ള ടാക്‌സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും.
ഓരോ വാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തോടു കൂടിയതുമാണ്.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും. ജിപിഎസ് വഴി കണ്‍ട്രോള്‍ റൂമില്‍ നിന്നു ടാക്‌സിയെ സദാസമയം നിരീക്ഷിക്കും.
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും മാരുതി സുസുക്കി ലിമിറ്റഡും ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള റെയ്ന്‍ കണ്‍സേര്‍ട്ട് ടെക്‌നോളജീസുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്.