സാപിയന്‍റില്‍ പിരിച്ചുവിടല്‍

ന്യൂഡല്‍ഹി| WEBDUNIA|
സോഫ്റ്റ്വെയര്‍ സംരഭമായ സാപിയന്‍റ് ഇന്ത്യയിലെ അവരുടെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ ബാംഗ്ലൂര്‍, നോയിഡ, ഗുര്‍ഗാവ് ഒഫീസുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധി കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടലെന്ന് കമ്പനി വിശദീകരിച്ചു.

ആഗോളതലത്തില്‍ ഏതാണ്ട് 6400 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതില്‍ എട്ട് ശതമാനത്തോളം കുറവ് വരുത്താനാണ് സാപിയന്‍റ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഇന്ത്യയില്‍ നിന്ന് മാത്രമായി 300 പേരെയാണ് പിരിച്ചുവിട്ടത്. മൊത്തം തൊഴില്‍ക്ഷമതയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയിലായതിനാലാണിത്.

പിരിച്ച് വിടപ്പെട്ട ജീവനക്കാര്‍ക്ക് അടിയന്തര ആശ്വാസ പാക്കേജ് നല്‍കിയിട്ടുണ്ടെന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന പക്ഷം അവരുടെ സേവനം വീണ്ടും പ്രയോജനപ്പെടുത്തുന്ന കാര്യം കമ്പനി പരിഗണിക്കുമെന്നും വക്താവ് വിശദീകരിച്ചു.

സാമ്പത്തിക മാന്ദ്യം കമ്പനിയെ സാരമായി ബാധിച്ചതായി സാപിയന്‍റ് അറിയിച്ചു. പ്രൊജക്ടുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഐടി സര്‍വീസസിലും ഇന്‍ററാക്ടീവ് മാര്‍ക്കറ്റിംഗിലും സാപിയന്‍റ് മുന്‍ നിരയില്‍ത്തന്നെയാണെന്നും കമ്പനി വക്താവ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :