വൊഡാഫോണ്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നു: എസ്സാര്‍

ന്യൂഡല്‍‌ഹി| ഹരിപാല|
PRO
PRO
‘വൊഡാഫോണ്‍ എസ്സാര്‍’ ഗ്രൂപ്പില്‍ 33 ശതമാനം ഓഹരിയുള്ള തങ്ങളെ ഒഴിവാക്കിക്കൊണ്ട് ഓഹരികള്‍ ചുളുവിലയ്ക്ക് വാങ്ങി കമ്പനിയെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് വൊഡാഫോണെന്ന് എസ്സാര്‍ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. എസാറിന്‍റെ ഓഹരികള്‍ വൊഡാഫോ ണും അനല്‍ജിത്ത് സിംഗും ചേര്‍ന്നു വാങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനിടയിലാണ് ആരോപണവുമായി കമ്പനി എത്തിയത്. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍ എസ്സാര്‍.

നിലവില്‍ എസാറിനു സംയുക്ത സംരംഭത്തില്‍ 33% ഓഹരിയാണുള്ളത്. 1,110 കോടി ഡോളര്‍ മുതല്‍മുടക്കി 2007ലാണു ഹച്ചിസണില്‍ നിന്നു വൊഡാഫോണ്‍ 67% ഓഹരി വാങ്ങിയത്.ഈ വര്‍ഷം മെയിലാണു ബാക്കി ഓഹരികള്‍ കൂടി വാങ്ങാന്‍ വൊഡാഫോണ്‍ പദ്ധതിയിട്ടത്. ലണ്ടന്‍ ആസ്ഥാനമായ വൊഡാഫോണിനു 74% ഓഹരി മാത്രമേ കൈവശം വയ്ക്കാനാവൂ. വിദേശ മാനദണ്ഡചട്ടങ്ങള്‍ അനുസരിച്ച് ശേഷിക്കുന്ന വിഹിതം ഒരു ഇന്ത്യന്‍ പങ്കാളിയുടേതാവണം. അതിനാണവര്‍ അനല്‍ജിത്ത് സിംഗിനെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന് എസ്സാര്‍ ഗ്രൂപ്പ് ആരോപിച്ചു.

എസാര്‍ ഗ്രൂപ്പിന്‍റെ രണ്ടു കമ്പനികളുടെ ലയനത്തിനെതിരേ വൊഡാഫോണ്‍ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് ഇരു കമ്പനികളും വാക്‌പയറ്റ് തുടര്‍ന്നത്. എസാറിന്‍റെ പുതിയ ആരോപണത്തെക്കുറിച്ചു വൊഡാഫോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഐപിഒയ്ക്കു ശ്രമിച്ചിരുന്നെങ്കിലും വൊഡാഫോണ്‍ ഈ നീക്കം ചെറുക്കുകയായിരുന്നുവെന്നും എസാര്‍ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :