വില കുറഞ്ഞ കമ്പ്യൂട്ടറിനായി ഇന്‍റല്‍

വഡോദര| WEBDUNIA|
PRO
വാഹനലോകത്തെ വിപ്ലവനീക്കമായി വിലയിരുത്തപ്പെടുന്ന ‘നാനോ മോഡല്‍‘ പരീക്ഷണം കമ്പ്യൂട്ടര്‍ രംഗത്തും യാഥാര്‍ത്ഥ്യമാകുന്നു. കമ്പ്യൂട്ടറുകളെ ജനകീയമാക്കാനായി വിലകുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന ലക്‍ഷ്യവുമായി കമ്പ്യൂട്ടര്‍ ചിപ് നിര്‍മ്മാണ രംഗത്തെ മുന്‍‌നിരക്കാരായ ഇന്‍റല്‍ ആണ് അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ലക്ഷങ്ങളുടെ തിളക്കത്തില്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്ന കാറുകള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് ടാറ്റ നാനോ കാറുകളുടെ ആശയം അവതരിപ്പിച്ചത്. വിപണിയിലെത്തിയതോടെ വാഹനലോകത്ത് അത് പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഇതേ പ്രവര്‍ത്തനത്തിനാണ് ഇന്‍റലും ഒരുങ്ങുന്നത്.

കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ആറു ബില്യന്‍ ജനങ്ങളില്‍ ഒരു ബില്യന് മാത്രമേ സ്വന്തമായ കമ്പ്യൂട്ടറുകളുടെ സേവനം ലഭ്യമാകുന്നുള്ളുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ആദ്യകാലത്തേക്കാള്‍ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ വിലയുമായി പൊരുത്തപ്പെടാന്‍ ഒരു വിഭാ‍ഗം ജനങ്ങള്‍ക്ക് ഇനിയും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് നാനോ മോഡല്‍ പരീക്ഷണം കമ്പ്യൂട്ടര്‍ നിര്‍മ്മാണരംഗത്തും അവതരിപ്പിക്കാന്‍ കമ്പനി ശ്രമം ആരംഭിച്ചത്.

വിലകുറഞ്ഞ കമ്പ്യൂട്ടറുകള്‍ എന്നു പുറത്തിറക്കുമെന്നോ ഏത് രീതിയിലാണെന്നോ വിലയുടെ പരിധിയോ ഒന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏതായാലും വില കുറഞ്ഞ കമ്പ്യൂട്ടറുകള്‍ ഓഫീസുകളെയും യുവജനതയെയും ഏറെ സ്വാധീനിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :