വിമാനക്കമ്പനികള്‍ക്ക് കേന്ദ്രത്തെ പുല്ലുവില

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 28 നവം‌ബര്‍ 2010 (10:10 IST)
PRO
PRO
അന്യായനിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ കടുത്ത ഭാഷയില്‍ പറഞ്ഞതിനെ പോലും വിമാനക്കമ്പനികള്‍ കല്‍‌പിക്കുന്നില്ല. ടൂറിസ്റ്റ് സീസണ്‍ ആരംഭിച്ചതോടെ ആഭ്യന്തര വിമാന നിരക്കില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കോ ബംഗളൂരിലേക്കോ പറക്കുന്ന യാത്രക്കാരന്‍ സാധാരണ ഗതിയില്‍ നല്‍‌കേണ്ടത് രണ്ടായിരമോ മൂവായിരമോ രൂപയാണ്. അതിപ്പോള്‍ പന്ത്രണ്ടായിരം രൂപയായിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. തിരുവനന്തപുരം - ചെന്നൈ - ബംഗളൂരു മേഖലയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ നടപടി പുനരാരംഭിക്കാത്തതാണ് നിരക്കു വര്‍ധനവിന്‍റെ കാരണമായി ഈ രംഗത്തുള്ളവര്‍ പറയുന്നത്.

മുംബൈയിലേക്കുള്ള നിരക്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം- മുംബൈ എയര്‍ ഇന്ത്യ സര്‍‌വീസില്‍ പറക്കുന്നയാള്‍ ഇപ്പോള്‍ 12500 രൂപ നല്‍കണം. ജറ്റ് എയര്‍വെയ്സിലും കിങ്ഫിഷറിലും 11000 രൂപയിലധികമാണു നിരക്ക്. സാധാരണ ഗതിയില്‍ മുംബൈ റൂട്ടില്‍ യാത്ര ചെയ്യാന്‍ 4000 - 5000 രൂപ മതിയായിരുന്നു.

ക്രിസ്മസ്, ന്യൂ‌ഇയര്‍ വരുന്നതോടെ നിരക്കുകള്‍ ഇനിയും കൂടും എന്നാണ് അറിയുന്നത്. പല സര്‍വീസുകളിലും ഇപ്പോള്‍ത്തന്നെ സീറ്റ് ലഭ്യമല്ല. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനകമ്പനികള്‍ കൊള്ളലാഭം അടിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രാ നിരക്കുകള്‍ ആനുപാതികമായി നിശ്ചയിക്കാനും പ്രസിദ്ധീകരിക്കാനും കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ നടത്തിയ നിര്‍ദേശം ‘കാട്ടിലെ കരച്ചില്‍’ ആയെന്ന് സാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :