വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നതായി ചൈന

ബീജിംഗ്| WEBDUNIA|
കൊക്കക്കോളയുടെ ഏറ്റെടുക്കല്‍ നടപടിയെ എതിര്‍ത്തെങ്കിലും രാജ്യത്തേക്കുള്ള വിദേശനിക്ഷേപങ്ങള്‍ ചൈന ഇപ്പോഴും സ്വാഗതം ചെയ്യുന്നതായി ചൈനീസ് വാണിജ്യ മന്ത്രി ചെന്‍ ഡെമിംഗ് പറഞ്ഞു. ചൈന വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ചൈനീസ് മന്ത്രിയുടെ ഈ പ്രസ്താവന.

നേരത്തേ ചൈനയിലെ ഹുയാന്‍ ജൂസ് ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള കൊക്കക്കോളയുടെ നീക്കം സര്‍ക്കാര്‍ തടഞ്ഞിരുന്നു. കുത്തകകള്‍ രാജ്യത്തേക്ക് കടന്നുവരുന്നതിനെ ചൈനീസ് സര്‍ക്കാര്‍ എതിര്‍ക്കുന്നതായാണ് ഇതിലൂടെ വിലയിരുത്തപ്പെട്ടത്. പ്രാദേശിക കമ്പനികളുടെ നിലനില്‍പ്പിനാണ് ചൈനീസ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നതെന്നും വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നു. ഇതോടെ ചൈനയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആഗോള കമ്പനികള്‍ക്കിടയില്‍ ആശങ്ക പരന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയിലിയുടെ ഓണ്‍ലൈന്‍ പതിപ്പിലാണ് ചെന്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്. വിദേശ സംരംഭങ്ങളെ ചൈന എന്നും സ്വാഗതം ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 5.8 ബില്യണ്‍ യു എസ് ഡോളറിന്‍റെ വിദേശ നിക്ഷേപമാണ് ഫെബ്രുവരിയില്‍ രാജ്യത്തേക്ക് വന്നത്. എന്നാല്‍ ചൈനീസ് സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നും ചെന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :