വായ്പാനയം പ്രഖ്യാപിച്ചു: പലിശനിരക്കുകളില്‍ മാറ്റമില്ല

മുംബൈ| WEBDUNIA|
PRO
മുഖ്യ വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനമായും വാണിജ്യബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള പലിശയായ റിവേഴ്‌സ് റീപ്പോ നിരക്ക് 6.25 ശതമാനമായും തുടരും.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന തുകയായ കരുതല്‍ ധനാനുപാതത്തിലും (സിആര്‍ആര്‍) മാറ്റമില്ല. ഇത് നാലു ശതമാനത്തില്‍ തുടരും. രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വേണ്ടെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. ഭക്ഷ്യോല്‍പന്ന വിലയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഉയര്‍ന്നിരിക്കുന്നതും നിരക്ക് കുറയ്ക്കുന്നതിന് തടസ്സമായി.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും പണപ്പെരുപ്പത്തെ ബാധിച്ചേക്കുമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. ആഗോള മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു. ഇന്ത്യയെ പോലുള്ള ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.

മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ അഞ്ചു ശതമാനമാണ് കറന്റ് അക്കൗണ്ട് കമ്മി. പെട്രോളിയം ഉല്പന്നങ്ങളുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമതിയാണ് കറന്റ് അക്കൗണ്ട് കമ്മി ഉയരാനുള്ള പ്രധാന കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :