ലേലം ചെയ്തിട്ട് പിന്നീട് അസ്ഥിരപ്പെടുത്താമെന്ന് ഹൈക്കോടതി
കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 21 ഫെബ്രുവരി 2013 (10:20 IST)
PRO
പണയാധാരമായ വസ്തുവിന്റെ പൊതുലേലം നടന്നതിനു ശേഷം പിന്നീട് ലേലം അസ്ഥിരപ്പെടുത്തുന്നതിനു ബാങ്കിന് അധികാരമുണ്ടെന്നു ഹൈക്കോടതി ഉത്തരവ്. ഉയര്‍ന്ന തുകയ്ക്കു ലേലം കൈക്കൊണ്ട ശേഷം വസ്തു നല്‍കുന്നതിനു ബാങ്ക് തയ്യാറാവുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച അപ്പീലിലാണു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഈ ഉത്തരവ്.
ഉയര്‍ന്ന തുകയ്ക്കു ലേലം കൈക്കൊണ്ട വ്യക്തി ലേലസമയത്തു നല്‍കിയ നിശ്ചിത തുക തിരിച്ചുനല്‍കി ബാങ്കിനു സ്ഥലം അവകാശത്തിലാക്കാമെന്നും ഈ ഉത്തരവ് വ്യക്തമാക്കുന്നു. ടെന്‍ഡര്‍ നോട്ടീസിലെ വ്യവസ്ഥ അനുസരിച്ചു വില്‍പ്പന നടത്തിക്കിട്ടണമെന്നാവശ്യപ്പെടാന്‍ ലേലം കൈക്കൊണ്ട വ്യക്തിക്ക് അധികാരമില്ലെന്നു കോടതി ഉത്തരവില്‍ വിശദീകരിക്കുന്നു.
സ്ഥലം പണയമായി വച്ചു പണം വാങ്ങിയിരുന്ന വ്യക്തി തിരിച്ചടവിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് ബാങ്ക് സ്ഥലം ലേലം ചെയ്യുന്നതിനു നടപടി സ്വീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാങ്ക് ലേലം നടത്തി. തുടര്‍ന്നു ഹര്‍ജിക്കാരന്‍ നിശ്ചിത തുകയ്ക്കു ലേലം കൊള്ളുകയും ലേലത്തുകയുടെ 20 ശതമാനം കെട്ടിവെയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ബാങ്ക് ലേലം അസ്ഥിരപ്പെടുത്തുകയായിരുന്നു.
ചിട്ടി നടപടിക്കു വിധേയമായി വസ്തുവിന്‍റെ അധിക ബാധ്യത ഈടാക്കുന്നതിനു ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍ സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഇല്ലാത്തപക്ഷം ലേല സമയത്തു നല്‍കിയ തുക തിരികെ നല്‍കി പുനര്‍ലേലം അനുവദിക്കുന്നതിനും ബാങ്ക് നിര്‍ദേശം നല്‍കി. ഇതിനെ ചോദ്യം ചെയ്താണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ ഉത്തരവ്