റിസര്‍വ് ബാങ്കിന്റെ വാര്‍ഷികപണനയം ഇന്ന്‌

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 20 ഏപ്രില്‍ 2010 (09:03 IST)
റിസര്‍വ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാം പാദ വായ്പാ നയ അവലോകനം ഇന്ന്‌ പ്രഖ്യാപിക്കും. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണമൊഴുക്ക് നിയന്ത്രിക്കാനായി ബാങ്കുകളുടെ കരുതല്‍ ധനാനുപാതവും റിപോ, റിവേഴ്‌സ് റിപോ നിരക്കുകളും ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഗവര്‍ണര്‍ ഡോ. ഡി സുബ്ബറാവുവാണ് പണ,വായ്പാ നയം പ്രഖ്യാപിക്കുന്നത്.

നാണ്യപെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില ബാങ്ക്‌ വായ്പകള്‍ക്കുള്ള നിരക്കുകളില്‍ വര്‍ധന വരാന്‍ സാധ്യതയുണ്ട്‌. ബാങ്കുകള്‍ക്കു റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നാലേ മുക്കാല്‍ ശതമാനത്തില്‍ നിന്നും ഉയര്‍ത്തിയേക്കുമെന്നാണ്‌ സൂചന.

റിസര്‍വ്‌ ബാങ്ക്‌, ബാങ്കുകളില്‍ നിന്നെടുക്കുന്ന പണത്തിന്റെ പലിശയായ റിവേഴ്സ്‌ റിപ്പോ മൂന്നേകാല്‍ ശതമാനത്തില്‍ നിന്നും കൂട്ടിയേക്കും. അതേസമയം, മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 9.9 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ പണലഭ്യത കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കേണ്ടിവരും.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തിരിച്ചുവരവ് ത്വരിതപ്പെടുത്തുന്നതിനെക്കാളേറെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനായിരിക്കും ആര്‍ ബി ഐ ഊന്നല്‍ നല്‍കുകയെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :