യുഎസ് ജിഡിപി നിരക്ക് 6.1 ശതമാനമായി കുറഞ്ഞു

വാഷിംഗ്ടണ്‍| WEBDUNIA|
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പെട്ടെന്നൊരു തിരിച്ചുവരവിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കിക്കൊണ്ട് അമേരിക്കയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ഒന്നാം പാദത്തില്‍ 6.1 ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസമാണ് യുഎസ് ജിഡിപി നിരക്ക് ഇടിയുന്നത്.

ബ്യുറോ ഓഫ് എക്കോണമിക്ക് അനാലിസിസ് (ബിഇഎ) ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 6.3 ശതമാനമായി വളര്‍ച്ചാ നിരക്ക് കുറഞ്ഞിരുന്നു. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ അമേരിക്കയുടെ ജിഡിപി നിരക്ക് ഇടിയുന്നത്. കയറ്റുമതിയിലും സ്വകാര്യ നിക്ഷേപങ്ങളിലും ഉണ്ടായ ഇടിവാണ് ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്ക് കുറച്ചതെന്ന് ബിഇഎ വിലയിരുത്തി.

2007 ഡിസംബര്‍ മുതലാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയത്. കഴിഞ്ഞ സെപ്തംബറില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ ലെഹ്മാന്‍ ബ്രദേഴ്സ് തകര്‍ന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രതിസന്ധി നിറഞ്ഞ തുടര്‍ച്ചയായ 18 മാസങ്ങളാണ് അമേരിക്കന്‍ സാമ്പത്തിക രംഗം ഇതിനകം നേരിട്ടത്. 1930ലെ ഗ്രേറ്റ് ഡിപ്രഷന് ശേഷം ആദ്യമായാണ് ഇത്തരം അവസ്ഥ സംജാതമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :