മൊബൈല്‍ വില്‍പ്പന: മൈക്രോമാക്സ് മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 28 ഏപ്രില്‍ 2010 (11:53 IST)
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ മൈക്രോമാക്സ് മൂന്നാം സ്ഥാനത്തെത്തി. കേവലം രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ മൈക്രോമാക്സ് ഇന്ത്യന്‍ വിപണികള്‍ പെട്ടെന്നാണ് പിടിച്ചെടുത്തത്. ഒന്നാം സ്ഥാനത്ത് നോകിയയും രണ്ടാം സ്ഥാനത്ത് സാംസങുമാണ്. ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ ആറു ശതമാനം ഓഹരികള്‍ മൈക്രോമാക്സ് നേടിയിട്ടുണ്ട്. ജി എസ് എം മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്സ് വിലക്കുറവിലൂടെയാണ് മുന്നേറ്റം നടത്തുന്നത്.

മൈക്രോമാക്സിന്റെ ജനപ്രിയ സെറ്റുകള്‍ ഓരോ മാസവും പത്ത് ലക്ഷം വില്‍പ്പന നടക്കുന്നുണ്ടെന്നാണ് ഐ ഡി സി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മികച്ച സേവനങ്ങള്‍ ലഭ്യമായ മൈക്രോമാക്സിന്റെ 1600 രൂപ വിലയുള്ള സെറ്റിന് വന്‍ ജനപ്രീതിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ അഞ്ഞൂറോളം ജില്ലകളില്‍ 70,000 കടകളിലായി മൈക്രോമാക്സ് വില്‍പ്പന നടത്തുന്നുണ്ട്.

വിതരണ കമ്പനിയായ മൈക്രോമാക്സ് ടെക്നോളജീസ് 2000ത്തിലാണ് ഹാര്‍ഡ്‌വയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന തുടങ്ങിയത്. നിലവില്‍ സോഫ്റ്റ്വയര്‍ വില്‍പ്പനയിലും മൈക്രോമാക്സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസം ബാറ്ററി ലൈഫ് നല്‍കുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിച്ചാണ് മൈക്രോമാക്സ് ശ്രദ്ധേയമായത്.

ഗുര്‍ഗാവോണ്‍ ആസ്ഥാനമാക്കിയുള്ള മൈക്രോമാക്സ് കഴിഞ്ഞ വര്‍ഷം വിപണിയുടെ 4.8 ശതമാനം നേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഐ പി എല്‍ ക്രിക്കറ്റ് മുതലെടുക്കാന്‍ മൈക്രോമാക്സ് നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും വന്‍ പരസ്യ തന്ത്രമാണു അഴിച്ചുവിട്ടത്. അത് ഏറെ വിജയിക്കുകയും ചെയ്തുവെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :