മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ തൊഴിലാളികള്‍ കഴിഞ്ഞ 14 ദിവസമായി നടത്തിവന്ന സമരം അവസാനിച്ചു. ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ മാനേജ്മെന്റും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
പിരിച്ചുവിട്ട 64 സ്ഥിരജീവനക്കാരെ തിരിച്ചെടുക്കാന്‍ കമ്പനി സമ്മതിച്ചു. അതേസമയം, 30 പേരുടെ സസ്പന്ഷന് പിന്‍വലിക്കില്ല. ഇവര്‍ നടത്തിയ കൃത്യലംഘനം ഗുരുതരമെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം. 1200 കരാര്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്ലാന്റിലെ പ്രവര്‍ത്തനകള്‍ സുഖമമായി നടത്താനുമായി രണ്ട് കമ്മറ്റികള്‍ രൂപവല്‍ക്കരിച്ചു.
മാനേസാര് പ്ലാന്റിലെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഗുര്‍ഗാവ് വ്യവസായിക മേഖലയിലുള്ള സുസുക്കിയുടെ മറ്റ് പ്ലാന്റുകളിലും സമരം നടന്നിരുന്നു. ഈ പ്ലാന്റുകളിലെ ജീവനക്കാരും സമരം പിന്‍വലിച്ചിട്ടുണ്ട്.
പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ ഏഴിനാണ് മാരുതി സുസുക്കിയിലെ തൊഴിലാളികള്‍ സമരം തുടങ്ങിയത്. തൊഴിലാളി സംഘടനയ്ക്ക് അംഗീകാരം ആവശ്യപ്പെട്ടു നടന്ന സമരത്തിന്റെ പേരിലാണു തൊഴിലാളികളെ പുറത്താക്കിയത്.