ബൊയിംഗ് : പിരിച്ചുവിടുന്നില്ല

നാഗ്പൂര്‍| WEBDUNIA|
പ്രമുഖ വിമാന നിര്‍മ്മാ‍താക്കളായ ബോയിംഗ് ഇന്ത്യയിലുള്ള അവരുടെ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കി. സാ‍മ്പത്തിക പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കമ്പനി ഈയിടെ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.

ബോയിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് കേശ്കര്‍ ആണ് പിരിച്ചുവിടലില്‍ നിന്നും ഇന്ത്യയിലെ ജീവനക്കാരെ ഒഴിവാക്കിയ വിവരം അറിയിച്ചത്. ചിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോയിംഗ്, യാത്രാ വിമാനങ്ങളും ചരക്ക് വിമാനങ്ങളും യുദ്ധവിമാനങ്ങളും നിര്‍മ്മിക്കുന്ന ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കമ്പനി നിര്‍ബന്ധിതമായത്.

മൊത്തം തൊഴില്‍ ക്ഷമതയുടെ ആറ് ശതമാനം കുറവ് വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 1.76 ലക്ഷം ജീവനക്കാരാണ് കമ്പനിയില്‍ മൊത്തമുള്ളത്. ജീവനക്കാരുടെ സമരം മൂലം വിതരണത്തില്‍ തടസ്സം നേരിട്ടതിനാല്‍ 2008 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ കമ്പനിയ്ക്ക് ഭീമമായ നഷ്ടം സംഭവിച്ചിരുന്നു. 56 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് കമ്പനി നാലാം പാദത്തില്‍ നേരിട്ടത്. തൊട്ട് മുന്‍ വര്‍ഷം ഈ സമയത്ത് 1.01 ബില്യണ്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു.

ബോയിംഗിലെ ജീവനക്കാരുടെ സമരം മുഖ്യ എതിരാളിയായ എയര്‍ബസിനാണ് ഗുണം ചെയ്തത്. ബോയിംഗിന് ഏകദേശം 70 വിമാനങ്ങളുടെ വിതരണം മുടങ്ങിയപ്പോള്‍ എയര്‍ബസിന് കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിക്കൊണ്ടിരുന്നു. എങ്കിലും 3,700 വിമാനങ്ങളുടെ വിതരണത്തിനുള്ള ഓര്‍ഡറുകള്‍ വ്യത്യസ്ത വിമാനക്കമ്പനികളില്‍ നിന്ന് ഇതിനകം ബോയിംഗിന് കിട്ടിയിട്ടുണ്ടെന്ന് കേശ്കര്‍ അറിയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :