ബാര്‍ക്ലേസ് ലാഭത്തില്‍ ഇടിവ്

ലണ്ടന്‍| WEBDUNIA|
ബാങ്കിംഗ് ഭീമനായ ബാര്‍ക്ലെയ്സിന് 2008ലെ വാര്‍ഷിക ലാഭത്തില്‍ 14 ശതമാനം ഇടിവ്.
ഒമ്പത് ബില്യണ്‍ ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതികള്‍ക്ക് മുന്‍പുള്ള ബാര്‍ക്ലേസിന്‍റെ ലാഭം. 2007നെ അപേക്ഷിച്ച് 14 ശതമാനം കുറവാണിത്. ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും ബാങ്കിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതായി ബാര്‍ക്ലേസ് ചെയര്‍മാന്‍ മാര്‍കസ് അഗ്വിയസ് പറഞ്ഞു.

യുഎസ് മോര്‍ട്ട്‌ഗേജില്‍ നിക്ഷേപിച്ചതടക്കമുള്ള ബാങ്കിന്‍റെ കിട്ടാകടം ഇക്കാലയളവില്‍ 5.4 ബില്യണ്‍ പൌണ്ടായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയാണിത്. ഈ വര്‍ഷത്തെ ലാഭം 5.3 ബില്യണ്‍ പൌണ്ടിനും അധികമായിരിക്കുമെന്ന് കാണിച്ച് ബാങ്ക് കഴിഞ്ഞ മാസം നിക്ഷപകര്‍ക്ക് കത്തെഴുതിയിരുന്നു. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംശയമുയര്‍ന്ന സഹചര്യത്തിലായിരുന്നു ഇത്തരമൊരു നടപടി.

ഈ സാമ്പത്തിക വര്‍ഷം ബാങ്കിന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്ക് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ബാര്‍ക്ലേസ് ചീഫ് എക്സിക്യൂട്ടിവ് ജോണ്‍ വാര്‍ലി പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷത്തെ നഷ്ടപരിഹാര വിതരണ നയങ്ങള്‍ സൂഷ്മ വിശകലനത്തിനു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ക്ലേസ് വരുമാനത്തില്‍ 2.41 ബില്യണ്‍ പൌണ്ടും സംഭാവന ചെയ്തത് എറ്റെടുക്കലുകളായിരുന്നു. പ്രധാനമായും അമേരിക്കയില്‍ തകര്‍ന്ന ലീമാന്‍ ബ്രദേഴ്സ് ഏറ്റെടുക്കല്‍. രീറ്റെയില്‍ ബാങ്കിംഗില്‍ നിന്നുള്ള വരുമാനം 7 ശതമാനം വര്‍ധിച്ച് 1.37 ബില്യണ്‍ പൌണ്ടായി. കഴിഞ്ഞ വര്‍ഷമിത് 1.28 ബില്യണ്‍ പൌണ്ടായിരുന്നു.

എന്നാല്‍ വാണിജ്യ വായ്പകളില്‍നിന്നുള്ള വരുമാനം ഏഴുശതമാനം ഇടിഞ്ഞ് 1.27 ബില്യണ്‍ പൌണ്ടായി. കഴിഞ്ഞ വര്‍ഷമിത് 1.36 ബില്യണ്‍ പൌണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :